കടുപ്പിച്ച് ഇന്ത്യ; കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് നിര്‍ത്തിവച്ചു

 

ന്യൂഡല്‍ഹി കാനഡ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ നല്‍കില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വഷളാകുന്നതിനിടെയാണ് ഇപ്പോഴത്തെ നീക്കം. പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍ വീസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഓണ്‍ലൈന്‍ വീസ അപേക്ഷാ കേന്ദ്രമായ ബിഎല്‍എസ് ഇന്റര്‍നാഷനലിന്റെ അറിയിപ്പില്‍ പറയുന്നു.
”ഇന്ത്യന്‍ മിഷനില്‍ നിന്നുള്ള പ്രധാന അറിയിപ്പ്: പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍, 2023 സെപ്റ്റംബര്‍ 21 മുതല്‍, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യന്‍ വീസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു” എന്നാണ് അറിയിപ്പില്‍ പറയുന്നത്. കാനഡയിലുള്ള ഇന്ത്യന്‍ പൗരന്മാരും അവിടേക്കു യാത്ര ചെയ്യാന്‍ തയാറെടുക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. അതിനിടെയാണ്&ിയുെ;കാനഡ പൗരന്മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ താല്‍കാലികമായി നിര്‍ത്തിവച്ചത്.
ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന ‘വിശ്വസനീയമായ ആരോപണം’ കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചതിനു പിന്നാലെയാണ് ഇന്ത്യകാനഡ നയതന്ത്ര ബന്ധം വഷളായത്. പിന്നാലെ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് ഉന്നത ഉദ്യോഗസ്ഥന്‍ പവന്‍കുമാര്‍ റായിയെ തിങ്കളാഴ്ച വൈകി കാനഡ പുറത്താക്കിയിരുന്നു.

ഇതിനു പിന്നാലെ, കാനഡയുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയ ഇന്ത്യ കാനഡ ഹൈക്കമ്മിഷണര്‍ കാമറോണ്‍ മക്കയോവെയെ വിദേശകാര്യമന്ത്രാലയ ഓഫിസില്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തൊട്ടുപിന്നാലെ കാനഡയുടെ ഇന്റലിജന്‍സ് സര്‍വീസ് തലവന്‍ ഒലിവര്‍ സില്‍വസ്റ്ററിനെ ഇന്ത്യ പുറത്താക്കി. 5 ദിവസത്തിനകം രാജ്യം വിടാനാണു നിര്‍ദേശം. ജി20 ഉച്ചകോടി സമാപിച്ച് ഒരാഴ്ച തികയുമ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നത്.

KCN

more recommended stories