വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍

 
ന്യൂഡല്‍ഹി ;ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും 33% സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. ഭരണപക്ഷ പ്രതിപക്ഷ പിന്തുണയോടെ ബില്‍ കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു. 454 പേര്‍ അനുകൂലിച്ചും 2 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. ഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഉവൈസിയും ഇംതിയാസ് ജലീലുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്. അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു.

പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിങ്ങില്‍ ലോക്‌സഭയില്‍ നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ബില്‍ അവതരിപ്പിച്ചത്. ഭരണഘടനയുടെ 128ാം ഭേദഗതിയാണിത്. ‘നാരി ശക്തി വന്ദന്‍ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. 8 മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കു ശേഷമാണ് വോട്ടെടുപ്പിലൂടെ ലോക്‌സഭ ബില്‍ പാസാക്കിയത്.

ഭരണഘടനാഭേദഗതി ഉടനെ പാസായാലും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാസംവരണമുണ്ടാവില്ല. ഭരണഘടനാഭേദഗതിക്കുശേഷമുള്ള ആദ്യ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ മണ്ഡല പുനഃക്രമീകരണം നടക്കണം. മണ്ഡല പുനര്‍നിര്‍ണയം അതിനുള്ള കമ്മിഷനാണ് ചെയ്യേണ്ടത്. കേന്ദ്രസര്‍ക്കാരിന് അതു കഴിയില്ല. നിലവില്‍ പട്ടികവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ളതില്‍ മൂന്നിലൊന്നു സീറ്റ് ആ വിഭാഗത്തിലെ വനിതകള്‍ക്കായി നീക്കിവയ്ക്കാനും വ്യവസ്ഥയുള്ളതാണു ബില്‍. ഭേദഗതി നടപ്പിലായി 15 വര്‍ഷത്തേക്കാണ് സംവരണം. എന്നാല്‍, ഈ കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

റൊട്ടേഷന്‍ അടിസ്ഥാനത്തിലാവും സംവരണമണ്ഡലങ്ങള്‍ തീരുമാനിക്കുക. അതിനുള്‍പ്പെടെ വേറെ നിയമനിര്‍മാണമുണ്ടാവും. ലോക്‌സഭയും രാജ്യസഭയും പാസാക്കുന്ന ഭരണഘടനാഭേദഗതി ബില്‍ പകുതിയോളം നിയമസഭകള്‍ പ്രമേയം പാസാക്കി അംഗീകരിക്കണം. തുടര്‍ന്ന്, രാഷ്ട്രപതിയുടെ അംഗീകാരത്തോടെ അതു വിജ്ഞാപനം ചെയ്യണം. ഭേദഗതിക്ക് എന്നുമുതല്‍ പ്രാബല്യമുണ്ടാകണമെന്നു കേന്ദ്രസര്‍ക്കാരാണു തീരുമാനിക്കേണ്ടത്. അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞാലുടന്‍ സെന്‍സസും ലോക്‌സഭ, നിയമസഭ മണ്ഡല പുനര്‍നിര്‍ണയവും നടക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

KCN

more recommended stories