ഇന്നും വ്യാപക മഴ, മലയോര മേഖലയില്‍ ജാഗ്രതനിര്‍ദേശം

 

സംസ്ഥാനത്ത് ഇന്നും വ്യാപകമായി ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മേഖലയില്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ നിലവിലെ സ്ഥിതിയില്‍ നിന്ന് കുറയും. ഉച്ച കഴിഞ്ഞു മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ശ്രദ്ധിച്ചു വേണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഉച്ച വരെ വെയിലോട് കൂടിയ തെളിഞ്ഞ അന്തരീക്ഷമാണെങ്കിലും പെട്ടെന്ന് തന്നെ അന്തരീക്ഷം മാറുകയും ശക്തമായ ഇടി മിന്നലോടു കൂടിയ മഴയാണ് ഇനിയുള്ള ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം കരമന നദിയിലെ വെള്ളൈകടവ് സ്റ്റേഷനില്‍ കേന്ദ്ര ജല കമ്മീഷന്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

പുതുക്കിയ ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശങ്ങള്‍ ഇങ്ങനെ: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ തമിഴ്നാട് തീരത്ത് രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കടല്‍ ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

KCN

more recommended stories