മികച്ച യുവജന ക്ലബ്ബിനെ തിരഞ്ഞെടുത്തു

പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് യുവഗ്രാമം പദ്ധതി:

 
യുവഗ്രാമം പദ്ധതിയുടെ ഭാഗമായി പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ മികച്ച യുവജന ക്ലബ്ബിന് നല്‍കുന്ന രാജീവ് ഗാന്ധി യൂത്ത് അവാര്‍ഡിന് ശ്രീവിഷ്ണു ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കായക്കുളം അര്‍ഹമായി. 10000 രൂപയും പ്രശംസ പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കഴിഞ്ഞ ഒരു വര്‍ഷക്കാലം നടത്തിയിട്ടുള്ള പൊതുവായ പ്രവര്‍ത്തനങ്ങള്‍, പഞ്ചായത്ത് പ്രവര്‍ത്തനങ്ങളിലുള്ള പങ്കാളിത്തം വിദ്യാര്‍ത്ഥികള്‍ക്കും വയോജനങ്ങള്‍ക്കുമുള്ള സഹായ പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍, വേറിട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊ.വിജയകുമാര്‍, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എം.ദിവാകരന്‍ മാസ്റ്റര്‍, പെരിയ എസ്.എന്‍.കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ പങ്കജ് ഐക്കോമത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിര്‍ണയം നടത്തിയത്. പഞ്ചായത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അറുപതോളം യുവജന ക്ലബ്ബുകളില്‍ നിന്നാണ് നാലു പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചു വരുന്ന ശ്രീവിഷ്ണു ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഈ അംഗീകാരം നേടിയത്. ഈ വര്‍ഷത്തെ കേരളോത്സവത്തില്‍ പഞ്ചായത്ത് തല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിന് അര്‍ഹമായതും ഈ ക്ലബ്ബാണ്.

KCN

more recommended stories