കെ.ജയകുമാറിന് മഹാകവി പി ഫൗണ്ടേഷന്‍ കളിയച്ഛന്‍ പുരസ്‌കാരം

കാസര്‍കോട്: തിരുവനന്തപുരം ആസ്ഥാനമായ മഹാകവി പി ഫൗണ്ടേഷന്റെ ഇത്തവണത്തെ കളിയച്ഛന്‍ പുരസ്‌കാരം പ്രശസ്ത കവിയും എഴുത്തുകാരനുമായ കെ ജയകുമാറിന്.1 നവംബറില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ചേംബറില്‍ അവാര്‍ഡ് സമ്മാനിക്കും.പി സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ ആദരം സൂര്യകൃഷ്ണമൂര്‍ത്തി ( കല), ഡോ.എ എം ശ്രീധരന്‍ (ബഹുഭാഷാ ഗവേഷണം), പളളിയറ ശ്രീധരന്‍ (ബാലസാഹിത്യം ), സുദര്‍ശന്‍ കെ.പ് (പ്രഭാഷണം, എഴുത്ത് ) അലിയാര്‍ കുഞ്ഞ് (നാടകം, ശബ്ദം) കെ.കെ.ഭാഷ്‌കരന്‍ പയ്യന്നൂര്‍.ജെ ആര്‍ പ്രസാദ് (ചിത്രകല ), സുധാകരന്‍ രാമന്തളി (വിവര്‍ത്തനം). മഹാകവിയുടെ 118 മത് ജന്മദിന വാര്‍ഷികവും കവിയുടെ കാല്‍പ്പാടുകളുടെ അമ്പതാം വര്‍ഷവും മഹാകവി പി സാഹിത്യോല്‍സവമായി ആഘോഷിക്കുകയാണ്. സാഹിത്യോല്‍സവം പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് ഒക്ടോബര്‍ 26 ന് 4 മണിക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം ചെയ്യും.പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരിക്കും. പി ഫൗണ്ടേഷന്‍ 2019 മുതല്‍ 2023 വരെ പ്രഖ്യാപിച്ച മറ്റ് സാഹിത്യ പുരസ്‌കാരങ്ങളും അദ്ദേഹം സമര്‍പ്പിക്കും.രാവിലെ പതിനൊന്നുമണിക്ക് കാവ്യോല്‍സവത്തില്‍ സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷനാവും. മഹാകവിയുടെ കവിതകളുടെ ആലാപനത്തില്‍ കേരള കേന്ദ്ര സര്‍വകലാശാലയിലെ സാഹിത്യ വിദ്യാര്‍ഥികളും മറ്റ് സ്‌കൂളുകളിലെ കുട്ടികളും പങ്കെടുക്കും. ഒപ്പം വരയുല്‍സവത്തില്‍ പി കവിതകളെ പ്രശസ്ത ചിത്രകാരന്മാരായ രാജേന്ദ്രന്‍ പുല്ലൂരും വിനോദ് അമ്പലത്തറയും ചിത്രീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് മഹാകവി പി ഓര്‍മ്മോല്‍വത്തില്‍ മുന്‍ എംപി പി കരുണാകരന്‍ അദ്ധ്യക്ഷനായിരിക്കും.പി കവിതകളിലെ ജൈവ നീതി ദര്‍ശനം എന്ന വിഷയത്തില്‍ ഡോ.വി പി പി മുസ്തഫ സംസാരിക്കും. മഹാകവി എന്റെ കാഴ്ചപ്പാടില്‍ എന്ന വിഷയത്തില്‍ പ്രശസ്ത കവി സെബാസ്റ്റ്യന്‍, ഡോ.രാജാവാര്യര്‍, സുധാകരന്‍ രാമന്തളി തുടങ്ങിയവര്‍ സംസാരിക്കും.പി പുസ്തകങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.വൈകുന്നേരം 4 മണിക്കുള്ള പി സാഹിത്യോല്‍സവം പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും. എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ അദ്ദേഹം സമര്‍പ്പിക്കും. മഹാകവി പി അനുസ്മരണ പ്രഭാഷണം പ്രൊഫ.കെ പി ജയരാജന്‍ നിര്‍വഹിക്കും. കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ.വി എം മുനീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും. മഹാകവി പി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എം ചന്ദ്രപ്രകാശ് അദ്ധ്യക്ഷനാവുന്ന, ചടങ്ങില്‍ സംഘാടക സമിതി കണ്‍വീനര്‍ സന്തോഷ് സക്കറിയ സ്വാഗതവും ടി കെ പ്രഭാകരകുമാര്‍ നന്ദിയും പറയും. പത്രസമ്മേളനത്തില്‍ എം ചന്ദ്രപ്രകാശ്, സന്തോഷ് സക്കറിയ, രവി ബ ന്തടുക്ക തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories