റോഡ് തകര്‍ച്ചയ്‌ക്കെതിരെ ‘പരിഹാസച്ചിരി സമരം’.

 
പെരിയ ഒട്ടേറെ സമരങ്ങള്‍ക്കു സാക്ഷ്യം വഹിച്ച നാട്ടില്‍ വേറിട്ട സമരരീതി അവലംബിച്ച് ചാലിങ്കാലിലെ സംഘടനകള്‍. റോഡ് തകര്‍ച്ചയ്‌ക്കെതിരേ ‘പരിഹാസച്ചിരി സമരവുമായാണ് സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്. ചാലിങ്കാല്‍മീങ്ങോത്ത് അമ്പലത്തറ റോഡിന്റെ ദുരിതാവസ്ഥയില്‍ പ്രതിഷേധിക്കാനാണ് ചാലിങ്കാല്‍ ഗാന്ധിനഗര്‍ മനുഷ്യസഹായ സംഘം, സണ്‍ഡേ സ്‌കൂള്‍ ചാലിങ്കാല്‍, ചെക്യാര്‍പ് ബ്രദേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, പന്നിക്കുന്ന് അനശ്വര കലാകായിക വേദി എന്നിവയുടെ നേതൃത്വത്തില്‍ ചാലിങ്കാല്‍ ഗാന്ധിനഗറില്‍ പരിഹാസച്ചിരി സമരം നടത്തിയത്.

വൈകിട്ട് നാലിന് ഗാന്ധിനഗറിലെ റോഡില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ പരിഹാസച്ചിരിയുമായി റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ കെടുകാര്യസ്ഥതയെ കളിയാക്കി. സമരം ചാലിങ്കാല്‍ സണ്‍ഡേ സ്‌കൂള്‍ പ്രസിഡന്റ് വി.ഭാസ്‌കരന്‍ ചാലിങ്കാല്‍ ഉദ്ഘാടനം ചെയ്തു.ചാലിങ്കാല്‍ മനുഷ്യ സഹായസംഘം പ്രസിഡന്റ് പി.കെ.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. അനശ്വര കലാകായികവേദി പി.സുരേഷ്, ബ്രദേഴ്‌സ് ചെക്യാര്‍പ്പ് പ്രസിഡന്റ് സി.വിനയന്‍, പ്രിയദര്‍ശിനി കലാകായികവേദി രക്ഷാധികാരി ഗോപി കാരാക്കോട്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കുഞ്ഞമ്പു നായര്‍, പ്രമോദ് പെരിയ, എ.കെ.മധുസൂദനന്‍, മേഴ്‌സി സജി, ടി.വി.ശശിധരന്‍, വി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
വഴി നഷ്ടപ്പെട്ടവരുടെ ദു:ഖമാണിതെന്നും കണ്ണുതുറക്കാത്ത, കണ്ണില്‍ പൊടിയിടുന്നവരോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് വേറിട്ട സമരപരിപാടി നടത്തുന്നതെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. നേരത്തേ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ഈ സംഘടനകളുടെ നേതൃത്വത്തില്‍ റോഡില്‍ പ്രതിഷേധജ്വാല തെളിയിച്ചിരുന്നു

KCN

more recommended stories