ജില്ലയില്‍ അകന്നു നിന്ന ബിജെപി നേതാക്കള്‍ക്ക് സംസ്ഥാന സമിതിയില്‍ പദവി നല്‍കി നേതൃത്വം

 
കാസര്‍കോട് ജില്ലയില്‍ അകന്നു നിന്ന പഴയകാല നേതാക്കളെ തിരിച്ചു കൊണ്ടുവന്നു പദവി നല്‍കി ബിജെപി സംസ്ഥാന നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണു സംസ്ഥാന നേതൃത്വം 2011 മുതല്‍ പുറത്തു നിര്‍ത്തിയ 2 മുന്‍ ജില്ലാ പ്രസിഡന്റുമാരായ വി.രവീന്ദ്രന്‍, എം.നാരായണ ഭട്ട് എന്നിവര്‍ക്കു യഥാക്രമം സംസ്ഥാന കൗണ്‍സിലിലും സംസ്ഥാന കമ്മിറ്റിയിലും അംഗത്വം നല്‍കിയത്.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തു സ്ഥാനാര്‍ഥിയായിരുന്ന നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് വോട്ട് കുറയാന്‍ ഇടയാക്കിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണു നാരായണ ഭട്ടിനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കി നടപടിയെടുത്തത്. നാരായണ ഭട്ടിന്റെ പത്‌നി ജയലക്ഷ്മി ഭട്ട് കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. നാരായണ ഭട്ടിനെതിരായ നടപടിയെ തുടര്‍ന്ന് ജയലക്ഷ്മി ഭട്ട് കാറഡുക്ക പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റ് പദവി രാജി വച്ചു പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടു നിന്നു.
ആരോപണത്തിന്റെ സത്യം തെളിയിക്കാന്‍ നാരായണ ഭട്ട് കാനത്തൂര്‍ നാല്‍വര്‍ ദൈവസന്നിധിയില്‍ നേര്‍ച്ച പറഞ്ഞതും വിവാദമായിരുന്നു. കഴിഞ്ഞ 2 മാസത്തിനിടെ കെ.സുരേന്ദ്രനും സംഘവും കാനത്തൂര്‍ ക്ഷേത്രദര്‍ശനം നടത്തുകയും നാരായണ ഭട്ടിന്റെയും വി.രവീന്ദ്രന്റെയും വീട്ടിലെത്തി സഹകരണം ആവശ്യപ്പെടുകയും പദവി ഏറ്റെടുക്കാന്‍ അഭ്യര്‍ഥിക്കുകയുമായിരുന്നു.

2009ല്‍ 4 ജില്ലകളുടെ അധികാരപരിധിയുള്ള വടക്കന്‍ മേഖലാ പ്രസിഡന്റായിരുന്നു വി.രവീന്ദ്രന്‍. 2010ലെ സംഘടനാ തിരഞ്ഞെടുപ്പില്‍ രവീന്ദ്രന്‍ ഉള്‍പ്പെടെയുള്ള പഴയ നേതാക്കളെ സ്ഥാനമൊന്നും നല്‍കാതെ പുറത്തു നിര്‍ത്തി. ഇതോടെയാണു കെ.സുരേന്ദ്രനും അന്നത്തെ ജില്ലാ നേതൃത്വത്തിനുമെതിരെ ഒരു വിഭാഗം ചേരി തിരിഞ്ഞു പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നു വിട്ടു നില്‍ക്കാന്‍ തുടങ്ങിയത്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 5828 വോട്ടിനാണു സുരേന്ദ്രന്‍ പരാജയപ്പെട്ടത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രനെതിരെ 89 വോട്ട് ഭൂരിപക്ഷം നേടിയാണു പി.ബി.അബ്ദുല്‍ റസാഖ് വിജയിച്ചത്.
പാര്‍ട്ടിയില്‍ വിഭാഗീയത ഒഴിവാക്കി എല്ലാവരെയും ചേര്‍ത്തു നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള പുതിയ നീക്കം ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കു ശക്തി പകരുമെന്ന വിശ്വാസത്തിലാണു നേതൃത്വം. കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായ നാരായണ ഭട്ട് ബിജെപി ദേശീയസമിതി അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ജില്ലയില്‍ നിന്ന് സതീശ് ചന്ദ്ര ഭണ്ഡാരി, വി.ബാലകൃഷ്ണ ഷെട്ടി, പി.മനോജ്കുമാര്‍ എന്നിവരാണു നിലവിലുള്ള ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍.

KCN

more recommended stories