രാകേഷ്; സിൽക്യാര രക്ഷാ ദൗത്യത്തിലെ കാസർകോടൻ കയ്യൊപ്പ്

ബെംഗളൂരു/കാസർകോട്: ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ നിർമാണത്തിലിരിക്കേ തകർന്ന തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. ഈ രക്ഷപ്രവർത്തനത്തിൽ പങ്കാളിയായി, ഒരു കാസർകോടുകാരനുമുണ്ടായിരുന്നു. ഉളിയത്തടുക്ക കാന്തിക്കര സ്വദേശിയും, ബംഗ്ളൂരുവിലെ സ്ക്വാഡ്രൺ ഇൻഫ്രാ ആൻഡ് മൈനിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജിയോളജിസ്റ്റുമായ രാകേഷ് ആണ് രക്ഷപ്രവർത്തനത്തിലെ കാസർകോടൻ കയ്യൊപ്പായത്.

ഖനന മേഖലയുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്ന സ്ഥാപനമാണ് സ്ക്വാഡ്രൺ ഇൻഫ്രാ ആൻഡ് മൈനിങ് പ്രൈവറ്റ് ലിമിറ്റഡ്.
രാകേഷ് ജോലി ചെയ്യുന്ന ഈ സ്ഥാപനമാണ് രക്ഷാപ്രവർത്തനത്തിന് ഡ്രോൺ സഹായം ലഭ്യമാക്കിയത്.
കമ്പനിയിലെ ആറംഗ സംഘം ഡ്രോണുമായി സിൽ ക്യാരയിലേക്ക് പോയപ്പോൾ,ഡ്രോൺ ഉപയോഗിച്ച് ലഭിക്കുന്ന വിവരങ്ങളുടെ വിശകലവും, ഏകോപനവും ബെംഗളൂരുവിലെ ഓഫീസിൽ നടത്തിയത് രാകേഷ് ഉൾപെടുന്ന സംഘമായിരുന്നു.
തുരങ്കത്തിൽ ഡ്രോൺ കടത്തിവിട്ട് അകത്തെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിവരണ ശേഖരണമാണ് ഇവർ നടത്തിയത്. തുരങ്കത്തിനകത്ത് വ്യക്തികൾ പോയി ചെയ്യുന്ന പരിശോധനകളാണ് ഡ്രോണിലെ ലേസർ സെൻസറിന്റെ സഹായത്തോടെ നടത്തിയത്.

അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സജ്ജമാക്കിയ രണ്ട് ഡ്രോണുകളാണ് ഇതിനായി ഉപയോഗിച്ചത്. ലേസർ അടിസ്ഥാനമാക്കിയുള്ള എസ്.എൽ.എ.എം. സാങ്കേതികവിദ്യ കൂടാതെ നിർമിതബുദ്ധിയും ഉപയോഗിച്ചു. ഡ്രോണിൽനിന്ന് ലഭിച്ച വിവരങ്ങൾ ഉയർന്ന നിലവാരമുള്ള ക്യാമറകളുടെയും ലിഡാർ സെൻസറുകളുടെയും സഹായത്തോടെ വിശകലനം നടത്തിയ ശേഷം ദൗത്യ സംഘത്തിന്
കൈമാറിയത്, രക്ഷാ പ്രവർത്തനത്തിന് വേഗം കൂട്ടി.

രക്ഷപ്രവർത്തനത്തിൽ ഭാഗവാക്കായി ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട സ്ക്വാഡ്രൺ ഇൻഫ്രാ ആൻഡ് മൈനിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യും ഒരു മലയാളിയാണ്. കോട്ടയം സ്വദേശിയായ സിറിയക് ജോസഫാണ് ആ മലയാളി.ബോർഡർ റോഡ് ഓർഗനൈസേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ വിശാൽ വർമയാണ്, സിറിയക് ജോസഫിനോട് രക്ഷാ വർത്തനത്തിനുള്ള സഹായം ആവശ്യപ്പെട്ടത്.സ്ഥാപനത്തിലെ ആറംഗ സംഘത്തിന് പുറമെ സിറിയക് ജോസഫും ഉത്തരാഖണ്ഡിലെ സിൽ ക്യാരയിലേക്ക് പോയിരുന്നു.
ലോകം തന്നെ ഉറ്റുനോക്കിയ വലിയൊരു രക്ഷാദൗത്യത്തിന്റെ ഭാഗമാക്കാൻ കഴിഞ്ഞതിന്റെ സന്തേഷത്തിലാണ് സിറിയക് ജോസഫും, ഒപ്പം സ്ക്വാഡ്രണിലെ കാസർകോടൻ സാന്നിധ്യമായ രാകേഷും.

KCN

more recommended stories