പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന ഏകോപന സമിതി സമിതി യോഗം ചേര്‍ന്നു

 

ഏച്ചിലടുക്കം, ബങ്കളം കമ്മ്യൂണിറ്റി ഹാളുകള്‍, എടമുണ്ട, വെള്ളന്തട്ട, കുണ്ടേന സാമൂഹ്യ പഠനമുറികള്‍, ആയമ്പാറ കാലിയടുക്കം മാതൃകാ സാമൂഹ്യ പഠനമുറി എന്നിവയ്ക്ക് ഒന്‍പത് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങിച്ചു നല്‍കും.

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന ഏകോപന സമിതി സമിതി യോഗം ചേര്‍ന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളില്‍ നടത്തിയതും പുരോഗമിക്കുന്നതുമായ വിവിധ വികസന ക്ഷേമ പദ്ധതികള്‍ അവലോകനം ചെയ്തു. പട്ടിക വര്‍ഗ്ഗ വികസന ഓഫീസുകളുടെ നേതൃത്വത്തില്‍ അസാപുമായി ചേര്‍ന്ന് നടത്തിയ നൈപുണ്യ വികസന പദ്ധതി (16,60,180 രൂപ), പി.എസ്.സി കോച്ചിങ് (37,500 രൂപ), മീഡിയ ആന്റ് ഡിസൈന്‍ പരിശീലനം, കാസര്‍കോട് എം.ആര്‍.എസിന്റെ പ്ലംബിങ് വര്‍ക്കുകള്‍ (8,64,000 രൂപ) എന്നീ പദ്ധതികള്‍ പൂര്‍ത്തിയായി. ബേഡഡുക്ക, കുറ്റിക്കോല്‍ പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി ഹാളുകളില്‍ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു. വായിക്കാനം കമ്യൂണിറ്റി ഹാള്‍ പ്രവൃത്തി ആരംഭിച്ചു. പുല്ലൂര്‍ പെരിയ, മടിക്കൈ, അജാനൂര്‍ പഞ്ചായത്തുകളിലെ സാമൂഹിക പഠന മുറികളിലേക്കും കമ്മ്യൂണിറ്റി ഹാളിലേക്കും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒന്‍പത് ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി നല്‍കും. ഓരോയിടത്തും ആയിരം പുസ്തകങ്ങള്‍ നല്‍കും. ഏച്ചിലടുക്കം, ബങ്കളം കമ്മ്യൂണിറ്റി ഹാളുകള്‍, എടമുണ്ട, വെള്ളംന്തട്ട, കുണ്ടേന സാമൂഹ്യ പഠനമുറികള്‍, ആയമ്പാറ കാലിയടുക്കം മാതൃകാ പഠനമുറി എന്നിവയ്ക്ക് ലൈബ്രറി പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി പുസ്തകങ്ങള്‍ നല്‍കുക.

പട്ടികജാതി ഓഫീസിന്റെ നേതൃത്വത്തില്‍ കെ.കെ പുറം പടിഞ്ഞാര്‍ എസ്.സി കോളനി അങ്കണ്‍വാടി റോഡ് സംരക്ഷണ ഭിത്തി നിര്‍മ്മാണം 23,50,000 രൂപയില്‍ 90 ശതമാനം പ്രവൃത്തി പൂര്‍ത്തീകരിച്ചു. പട്ടികജാതി വകുപ്പിന്റെ നേതൃത്വത്തില്‍ പിലിക്കോട് പഞ്ചായത്തിലെ മേല്‍മട്ടലായി എസ്.സി കോളനി റീടാറിങ്ങും ഡ്രെയ്‌നേജും എട്ട് ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കി. അര്‍ജ്ജുനഗുഡി എസ്.സി കോളനിയില്‍ കുടിവെള്ള പദ്ധതിക്ക് 11,40,000 രൂപയുടെ ഭരണാനുമതി ലഭിച്ചു.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ വി.എന്‍.ദിനേശ്കുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ് എന്നിവര്‍ പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്തു. കാസര്‍കോട് ട്രൈബല്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ എം.മല്ലിക, എ.ടി.ഡി.ഒ പരപ്പ കെ.മധുസൂദനന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.ഗീതകുമാരി, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.വി.എ.നവാസ്, അസാപ്പ് ജില്ലാ കോ ഓഡിനേറ്റര്‍ സുസ്മിത്ത് എസ് മോഹന്‍, ക്ഷീരവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സെജോണ്‍ ജോണ്‍സണ്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രൊജക്ട് എഞ്ചിനീയര്‍, വി.വി.ബിന്ദു, പൊതുവിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ബി.സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN