രാഹുലിനെ കരിച്ചുകളയാമെന്ന് പിണറായി കരുതേണ്ട, സര്‍ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടി: കെ സുധാകരന്‍

 
തിരുവനന്തപുരം: സര്‍ സിപിയെപ്പോലും ലജ്ജിപ്പിക്കുന്ന കിരാത നടപടിയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നാടകീയമായ അറസ്റ്റെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സ്തുതിപാഠകരാല്‍ ചുറ്റപ്പെട്ട മുഖ്യമന്ത്രി സമനില തെറ്റിയതുപോലെയാണ് പ്രവര്‍ത്തിക്കുന്നത്. രാഹുലിനെ കരിച്ചുകളയാമെന്ന് പിണറായി വിജയന്‍ കരുതുന്നുണ്ടെങ്കില്‍ ആ പരിപ്പ് ഇവിടെ വേകില്ല. ഇതിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
പൊലീസ് മര്‍ദനമേറ്റ രാഹുലിനെ ആശുപത്രിയില്‍നിന്നു ചികിത്സ കഴിഞ്ഞ് വന്നയുടനേയാണ് അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്തത്. ഭീകരോടുംപോലും ഇങ്ങനെ ചെയ്യില്ല. ക്രിമിനല്‍ കേസിലെ പ്രതികളെ പിടികൂടുന്നതുപോലെ വീടുകയറി വളഞ്ഞിട്ട് പിടികൂടേണ്ട ഒരു സാഹചര്യവുമില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ രാഹുല്‍ ജനങ്ങളുടെ ഇടയില്‍ ജീവിക്കുന്ന പൊതുപ്രവര്‍ത്തകനാണ്. നോട്ടീസ് അയച്ചുവിളിച്ചാല്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുന്നയാളാണ് അദ്ദേഹമെന്നും കെ സുധാകരന്‍ പറഞ്ഞു.

സിപിഎമ്മും പൊലീസും ചേര്‍ന്നുള്ള വ്യക്തമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടിയും ഇരുമ്പുവടിയും കൊണ്ട് അക്രമിച്ച ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകളും കുറുവടി ഉപയോഗിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും കെപിസിസി ഭാരവാഹിയുടെ വീടാക്രമിച്ച ക്രിമിനലുകളും സൈ്വര്യവിഹാരം നടത്തുമ്പോഴാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. വിമര്‍ശിക്കുന്നവരെ നിശബ്ദമാക്കാമെന്നാണ് ഫാസിസ്റ്റ് ഭരണാധികാരി കരുതുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.

പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളോടും നടപടികളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ശൈലിയുടെ തുടര്‍ച്ചയാണ് രാഹുലിന്റെ അറസ്റ്റെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പ്രതികരിച്ചു. കമ്മ്യൂണിസം കൈവിട്ട പിണറായി ഹിറ്റ്‌ലറിസത്തിന്റെ ഉപാസകനായി മാറിയിരിക്കുന്നുവെന്ന് ഇത്തരം നടപടികളിലൂടെ ആവര്‍ത്തിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തന്റെ അനുചരന്മാരെയും പൊലീസിനെയും ഉപയോഗിച്ച് രാഷ്ട്രീയമായി എതിര്‍പക്ഷത്തുള്ളവര്‍ക്കെതിരെ കള്ളക്കേസുകള്‍ എടുത്തും കൊടിയ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ടും പിണറായിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഭരണകൂട ഭീകരത രാഷ്ട്രീയ കേരളത്തിന് തീരാകളങ്കമാണെന്നും വി എം സുധീരന്‍ പ്രതികരിച്ചു.

ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടില്‍ വച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കന്റോണ്‍മെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട അക്രമ കേസിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വീട്ടില്‍ കയറിയുള്ള പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും ഭീകരവാദിയെ പിടിക്കുന്നതുപോലെയുള്ള നീക്കമാണ് നടന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം തുടങ്ങി.

KCN

more recommended stories