ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസോടിച്ച് ഗണേഷ് കുമാര്‍;

ട്രയല്‍ റണ്ണില്‍ യാത്രക്കാരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിന്റെ ട്രയല്‍ റണ്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നടത്തി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസത്തിനായി സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി വാങ്ങിയതാണ് ഈ ബസ്. ഗണേഷ് കുമാര്‍ ഓടിച്ച ബസില്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരും ഉദ്യോഗസ്ഥരുമായിരുന്നു യാത്രക്കാര്‍. കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ , ജോയിന്റ് മാനേജിങ് ഡയറക്ടര്‍ പി എസ് പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ ബസില്‍ യാത്ര ചെയ്തു.

തിരുവനന്തപുരത്തെ നഗര കാഴ്ചകള്‍ കാണാനാണ് ഈ ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ് ഉപയോഗിക്കുക. ബജറ്റ് ടൂറിസത്തിന് വേണ്ടി കെഎസ്ആര്‍ടിസി വാങ്ങിയ രണ്ട് ഓപ്പണ്‍ ബസുകളിലൊന്നാണ് തലസ്ഥാനത്തെത്തിയത്. നവകേരള ബസിന്റെ നിറമാണ് ഈ ബസ്സിന്.
അതിഗംഭീരമായി രൂപകല്‍പ്പന ചെയ്ത ബസ് മുംബൈയില്‍ നിന്നാണ് എത്തിയത്. സൌകര്യപ്രദമായ സീറ്റിംഗ് ആണ് ബസിന്റെ ഒരു പ്രത്യേകത. യാത്രക്കാര്‍ക്ക് ടിവി കാണാം, പാട്ട് കേള്‍ക്കാം. അഞ്ച് ക്യാമറകള്‍ ബസിനകത്തുണ്ട്. താഴത്തെ നിലയില്‍ 30 സീറ്റുകളാണുള്ളത്. മുകളിലാകട്ടെ 35 സീറ്റുകളുണ്ട്. ബസിന്റെ മുന്‍പിലൂടെയും പിന്നിലൂടെയും രണ്ട് വഴികളുണ്ട് കയറാന്‍.

നഗര കാഴ്ചകള്‍ മുഴുവന്‍ ആസ്വദിക്കാന്‍ കഴിയുന്ന വിധത്തില്‍ മുകളിലത്തെ നില തുറന്നുകിടക്കുകയാണ്. പത്മനാഭസ്വാമിക്ഷേത്രം, ഭീമാപള്ളി, ശംഖുമുഖം, പാളയം തുടങ്ങി തിരുവനന്തപുരത്തെ പ്രധാന സ്ഥലങ്ങളിലൂടെയൊക്കെ ബസ് പോകും. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയിലാണ് ബസ്. ഓപ്പറേറ്റ് ചെയ്യുന്നതും സ്വിഫ്റ്റാണ്. ഇലക്ട്രിക് ബസുകളുടെ വിജയമാണ് ബജറ്റ് ടൂറിസത്തിനും ഈ ബസ് ഉപയോഗിക്കാന്‍ തീരുമാനിക്കാനുള്ള കാരണം. ഈ മാസം അവസാനത്തോടെ ബസ് നിരത്തിലിറങ്ങും.

KCN

more recommended stories