ഇന്‍സ്റ്റഗ്രാമില്‍ കാത്തിരുന്ന ആ ഫീച്ചര്‍ എത്തുന്നു; എല്ലാം എല്ലാവരും കാണുമെന്ന ആശങ്ക ഇനി വേണ്ട

 
ഇനി വാട്ട്‌സാപ്പിന് സമാനമായി ഇന്‍സ്റ്റഗ്രാമിലും പോസ്റ്റുകള്‍ പ്രൈവറ്റാക്കാം. തിരഞ്ഞെടുത്ത ഫോളവര്‍മാര്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ മാത്രം കാണാനാവുന്ന രീതിയില്‍ പ്രൈവറ്റ് പോസ്റ്റുകള്‍ ക്രിയേറ്റ് ചെയ്യാനുള്ള ഫീച്ചര്‍ കൊണ്ടുവന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഫ്‌ലിപ്സൈഡ് എന്നാണ് ഈ ഫീച്ചറിന് കമ്പനി നല്കിയിരിക്കുന്ന പേര്. നിലവില്‍ പരിമിതമായ ഉപയോക്താക്കളില്‍ മാത്രമായി ചുരുക്കിയിരിക്കുന്ന ഈ ഫീച്ചര്‍ ഭാവിയില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനാണ് മെറ്റയുടെ തീരുമാനം. എന്നാല്‍ ഇത് സംബന്ധിച്ച് ഇന്‍സ്റ്റഗ്രാം മേധാവിയായ ആദം മൊസേരി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. നിലവില്‍ കമ്പനി ആളുകളില്‍ നിന്ന് പ്രതികരണം ശേഖരിക്കുന്ന തിരക്കിലാണെന്നാണ് സൂചന.

പ്രൈവറ്റ് പോസ്റ്റുകള്‍ക്കായി പ്രത്യേക സ്‌പേസ് ക്രിയേറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു എന്നതാണ് ഫ്‌ലിപ്‌സൈഡിന്റെ പ്രത്യേകത. ഫോളോവേഴ്‌സില്‍ ആരൊക്കെ ഈ പോസ്റ്റുകള്‍ കാണണം എന്നത് സംബന്ധിച്ച് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഉപയോക്താക്കള്‍ക്കാകും. അടുത്ത സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും മാത്രമായി കൂടുതല്‍ സ്വകാര്യമായ ഉള്ളടക്കം ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായാണ് പുതിയ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ദി സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റോറികള്‍ക്കായി ഇതേ ഫീച്ചര്‍ നിലവില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നുണ്ട്.ക്ലോസ് ഫ്രണ്ട്‌സ് എന്ന ഈ ഫീച്ചര്‍ സ്റ്റോറികളുടെ മുകളില്‍ കാണുന്ന പച്ച നിറത്തിലുള്ള ചിഹ്നത്തിലൂടെ തിരിച്ചറിയാം. പുതിയ ഫ്‌ലിപ്സൈഡ് ഫീച്ചര്‍ സമാനമായ പ്രവര്‍ത്തനം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാട്ട്‌സാപ്പിലെ പോലെ റീഡ് റെസിപ്പിയന്‍സ് ഓഫാക്കാനുള്ള ഓപ്ഷന്‍ നേരത്തെ ആപ്പ് അവതരിപ്പിച്ചിരുന്നു. മെറ്റ തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇതെക്കുറിച്ച് ഷെയര്‍ ചെയ്തത്. ഇന്‍സ്റ്റാഗ്രാം സിഇഒ ആദം മൊസാരി വരാനിരിക്കുന്ന ടോഗിളിന്റെ സ്‌ക്രീന്‍ ഷോട്ടും ഷെയര്‍ ചെയ്തു.പ്രൈവസി ഫീച്ചറിലാണ് ഇതുള്ളത്. എന്നു മുതലാണ് ഈ ഫീച്ചര്‍ ആപ്പില്‍ ലഭ്യമാവുക എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെങ്കിലും അടുത്ത അപ്‌ഡേറ്റില്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ഉപഭോക്താക്കള്‍. വൈകാതെ ഫേസ്ബുക്ക് മെസഞ്ചറിലും ഈ അപ്‌ഡേറ്റ് ലഭ്യമാകുമെന്ന അഭ്യൂഹങ്ങളുമുണ്ട്.

KCN