സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ; പ്രതിപക്ഷം വിട്ടുനിന്നു

 

കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ചട്ടം 118 അനുസരിച്ച് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. രാജ്യത്ത് ഫെഡറല്‍ സംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്നാണ് പ്രമേയത്തിലെ കുറ്റപ്പെടുത്തല്‍. കേന്ദ്രത്തിന്റെ കീഴ്ഘടകങ്ങളായി സംസ്ഥാനങ്ങളെ കാണുന്നത് അവസാനിപ്പിക്കണം. കേരളത്തിന്റെ വായ്പാപരിധി വെട്ടിക്കുറയ്ക്കുന്നതും ഗ്രാന്റുകള്‍ തടഞ്ഞുവയ്ക്കുന്നതും അവസാനിപ്പിക്കണം. കേന്ദ്രത്തിന് എതിരായ പ്രമേയത്തിന് കാത്തുനില്‍ക്കാതെ സഭയില്‍ നിന്നിറങ്ങിപ്പോയ പ്രതിപക്ഷത്തെയും മന്ത്രി വിമര്‍ശിച്ചു. കേരളത്തിന്റെ പൊതു ആവശ്യത്തിന് പ്രതിപക്ഷം കൂട്ടുനിന്നില്ലെന്നാണ് വിമര്‍ശനം. ഭേദഗതികളില്ലാതെയാണ് പ്രമേയം പാസ്സാക്കിയത്.

മകള്‍ക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം സഭ വിട്ടത്. കോടതി പരിഗണനയിലുള്ള കാരണം പറഞ്ഞാണ് അടിയന്തിര പ്രമേയ നോട്ടീസ് അവതരണം തന്നെ സ്പീക്കര്‍ തടഞ്ഞത്. വീണാ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണത്തില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടായിരുന്നു നിയമസഭയിലെ പ്രതിപക്ഷത്തിന്റെ നീക്കം. തുടക്കം മുതല്‍ നോട്ടീസിന് തടയിട്ട് കര്‍ശന നിലപാടെടുത്ത് സ്പീക്കര്‍ തടയിട്ടതോടെ, മുഖ്യമന്ത്രിക്കെതിരെ ബാനറും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

ഭരണപക്ഷവും സീറ്റില്‍ നിന്നെഴുന്നേറ്റതോടെ വാക്പോര് മുറുകി. പാര്‍ട്ടി സെക്രട്ടറിയേറ്റ് യോഗത്തിന് പോയ മുഖ്യമന്ത്രി സഭയിലുണ്ടായിരുന്നില്ല. സ്പീക്കര്‍ അതിവേഗം മറ്റ് നടപടികളിലേക്ക് കടന്നതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു. അവസരം കൊടുത്തിട്ടും വീണക്ക് കൃത്യമായ വിശദീകരണം നല്‍കാനായില്ലെന്ന ആര്‍ഒസി കണ്ടെത്തലും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണവും കാണിക്കുന്നത് ക്രമക്കേട് അതീവ ഗുരുതരമെന്ന് പ്രതിപക്ഷം പിന്നീട് പറഞ്ഞു. കേന്ദ്ര ഏജന്‍സി അന്വേഷണം രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് സിപിഎം പ്രതിരോധം. സ്പീക്കര്‍ പാര്‍ട്ടി സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. കോടതിയുടെ പരിഗണനയിലിരിക്കെ സോളാര്‍ വിവാദങ്ങളില്‍ യുഡിഎഫ് കാലത്ത് പലതവണ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത് പ്രതിപക്ഷം എടുത്തുപറഞ്ഞു.

KCN

more recommended stories