കേരളത്തിന്റെ സാമ്പത്തികനിലയെ സംബന്ധിച്ച നിജസ്ഥിതി സര്‍ക്കാര്‍ വ്യക്തമാക്കണം: എം.ടി. രമേശ്

കോഴിക്കോട്: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ സംബന്ധിച്ച് ധനകാര്യവകുപ്പോ ചീഫ് സെക്രട്ടറിയോ കളവുപറയുന്നുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ ഗുരുതരമായ സാമ്പത്തിക സാഹചര്യത്തെക്കുറിച്ച് പറയുന്നുണ്ട്. സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടോയെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തു. എന്നാല്‍ സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി മെച്ചമാണെന്ന് ധനകാര്യവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാക്കിയ സാമ്പത്തിക സര്‍വേയില്‍ പറയുന്നു. ഇതില്‍ ഏതാണ് ശരിയെന്ന് സര്‍ക്കാര്‍ പറയണമെന്ന് എം.ടി. രമേശ് ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലമാണ് ശരിയെങ്കില്‍ ധനകാര്യ ഉദ്യോഗസ്ഥരുടെ സാമ്പത്തിക സര്‍വേ കളവാണ്. മറിച്ചാണെങ്കില്‍ ചീഫ് സെക്രട്ടറി പറഞ്ഞതു കള്ളമാണ്. കടമെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ സമരത്തിനു പോകുന്നതില്‍നിന്ന്, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്നു വ്യക്തമാണ്. സാമ്പത്തികനില സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രമിറക്കാത്തത് എന്തുകൊണ്ടാണെന്നും സാമ്പത്തിക പ്രതിസന്ധിയില്ലെങ്കില്‍ എന്തിനാണ് കടമെടുക്കുന്നതെന്നും രമേശ് ചോദിച്ചു.

മുഖ്യമന്ത്രിമാരും മന്ത്രിമാരും ഡല്‍ഹിയില്‍ പോകേണ്ടത് സമരം ചെയ്യാനല്ല, മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നന്ദി പറയാനാവണം. കാരണം സാമ്പത്തിക വര്‍ഷത്തിന്റെ അവസാന നാലു മാസം കൊടുക്കേണ്ട തുക മുന്‍കൂര്‍ നല്‍കിയതുകൊണ്ടാണ് കഴിഞ്ഞ മാസങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ ശമ്പളം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. കെ.സുരേന്ദ്രന്റെ കേരള പദയാത്രയുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗത്തിനെത്തിയതായിരുന്നു രമേശ്.

KCN

more recommended stories