തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ നൂതന തൊഴില്‍ പരിശീലനം ഉള്‍പ്പെടുത്തണം

 

തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതികളില്‍ നൂതന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതികള്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ നൈപുണ്യ സമിതി യോഗം നിര്‍ദ്ദേശിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ ദിലീപ് കെ കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. കാലഘട്ടത്തിനനുസരിച്ചുള്ള പുതിയ സാങ്കേതിക വിദ്യകളിലധിഷ്ടിതമായ നൈപുണ്യ പരിശീലനങ്ങള്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ഏജന്‍സികളുടെ സഹകരണത്തോടെ ജില്ലാതലത്തില്‍ നൈപുണ്യ വികസന പ്ലാന്‍ തയ്യാറാക്കണം. ഭിന്നശേഷിക്കാര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

മഹിളാ മന്ദിരത്തിലെ താമസക്കാരായ സ്ത്രീകള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാന്‍ യോഗം തീരുമാനിച്ചു. ഒരു മാസം ദൈര്‍ഘ്യമുള്ള പരിശീലനം ഫെബ്രുവരി രണ്ടാം വാരത്തില്‍ ആരംഭിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പരിശീലനം നല്‍കുമെന്ന് വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. കാര്‍ഷിക മേഖലയില്‍ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത 54 പേരില്‍ 47 പേര്‍ സ്വയം തൊഴില്‍ കണ്ടെത്തി. വെള്ളിക്കോത്ത് ആര്‍.എസ്.ഇ.ടി.ഐ ചീമേനി തുറന്ന ജയിലില്‍ 15 അന്തേവാസികള്‍ക്ക് 30 ദിവസത്തെ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സ് നല്‍കുന്നു. കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ 15 അന്തേവാസികള്‍ക്കായി ആറ് ദിവസത്തെ ഗാര്‍ഡനിങ് കോഴ്‌സ് നല്‍കി വരികയാണെന്ന് ആര്‍.എസ്.ഇ.ടി.ഐ ഡയറക്ടര്‍ അറിയിച്ചു. വിവിധ വകുപ്പുകളും ഏജന്‍സികളും നടത്തിവരുന്ന നൈപുണ്യ പരിശീലന പരിപാടികള്‍ യോഗം അവലോകനം ചെയ്തു.

യോഗത്തില്‍ കോഴിക്കോട് എന്‍.എസ്.ടി.ഐ ട്രെയ്‌നിങ് ഓഫീസര്‍ എം.പി.രാജന്‍ പരമ്പരാഗത കരകൗശല തൊഴിലാളികളുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയായ പി.എം വിശ്വകര്‍മ്മയോജന പദ്ധതി വിശദീകരിച്ചു. കേരള നോളജ് ഇക്കണോമി മിഷന്‍ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം പദ്ധതിയുടെ ജില്ലയിലെ പ്രവര്‍ത്തന പുരോഗതി ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.കൃപ്ന അവതരിപ്പിച്ചു. ജില്ലാ സ്‌കില്‍ കോര്‍ഡിനേറ്റര്‍ എം.ജി.നിധിന്‍ പ്രവര്‍ത്തന പുരോഗതി വിശദീകരിച്ചു. വിവിധ വകുപ്പുകള്‍ നൈപുണ്യ പരിശീലനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.രാജേഷ് സ്വാഗതം പറഞ്ഞു.

KCN

more recommended stories