കാഞ്ഞങ്ങാട് നഗരത്തില്‍ ഫ്ളൈ ഓവര്‍ വേണം ; ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി

 

വാഹനങ്ങള്‍ നാള്‍ക്കുനാള്‍ കൂടിവരുന്ന സാഹചര്യത്തില്‍ കാല്‍നടക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി കാഞ്ഞങ്ങാട് നഗരത്തില്‍ ഫ്ളൈ ഓവര്‍ നിര്‍മ്മിക്കണമെന്ന് ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി. പല വാഹനങ്ങളും ഡിവൈഡര്‍ കടന്ന് മറുവശത്തേക്ക് തിരിയുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ പോലും ഇടുന്നില്ലെന്നും വികസന സമിതിയില്‍ ചൂണ്ടിക്കാട്ടി. ഹൊസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിന്റെ തുടര്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. വിലക്കയറ്റം അതിരൂക്ഷമാണെന്നും വെളുത്തുള്ളി, അരി തുടങ്ങിയവയുടെ വില നിയന്ത്രണ വിധേയമാക്കണമെന്നും, കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ കണ്ടെത്തണമെന്നും യോഗം ഉന്നയിച്ചു. ഉഷ്ണ കാലം തുടങ്ങുന്ന മാസങ്ങള്‍ ആണ് വരുന്നതെന്നും പലയിടങ്ങളിലും ശീതളപാനീയ വില്‍പന കൂടുന്നതായും ഇവര്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണമേന്‍മ പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭ തീരദേശ മേഖലയിലെ സുനാമി കോളനിയിലെ കെട്ടിടത്തിന്റെ സ്ഥിതി മോശമാണെന്നും വീടുകളെ താമസ യോഗ്യമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത് സ്‌കൂളിന്റെ അടുത്തുള്ള റോഡിന്റെ പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഹൊസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ എം.മായ, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, വി.പി.അടിയോടി, രതീഷ് പുതിയപുരയില്‍, അബ്ദുള്‍ റഹ്‌മാന്‍, യു.ഗോപി, കാഞ്ഞങ്ങാട് നഗരസഭസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ലത, യു.കെ.ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു. ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.എസ്.ലെജിന്‍ സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് പി.വി.തുളസിരാജ് നന്ദിയും പറഞ്ഞു.

KCN

more recommended stories