വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം നടത്തി കാഞ്ഞങ്ങാട് നഗരസഭ

 

കാഞ്ഞങ്ങാട് നഗരസഭ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴികളെ വിതരണം ചെയ്തു. 43 വാര്‍ഡുകളിലായി 1089 വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി സൗജന്യമായി 5 വീതം മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. കൂടുതല്‍ തൊഴില്‍ സാധ്യത ഉള്ള ഒരു മേഖല എന്ന നിലയിലും കൂടുതല്‍ ആളുകളെ ഈ മേഖലയില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ പദ്ധതി നടപ്പിലാക്കുന്നത്. 45 ദിവസം പ്രായമായ അഞ്ചു കോഴികള്‍ ആണ് നല്‍കുന്നത്. ശാസ്ത്രീയമായ രീതിയിലുള്ള പരിപാലനത്തിലൂടെ അഞ്ചാം മാസം മുതല്‍ മുട്ടകള്‍ ലഭിക്കുന്ന കോഴികളാണ് നല്‍കിയത്. കാഞ്ഞങ്ങാട് മൃഗാശുപത്രിയില്‍ നടന്ന മുട്ടക്കോഴി വിതരണം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ലത അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കെ.വി.മായകുമാരി, എം.വീണ, കെ.മുഹമ്മദ് കുഞ്ഞി, ഡോ.എ.സജീവ്കുമാര്‍, പി.ജിഷ്ണു, സി.ബിജു, കെ.അതുല്യ, എം.രാഖി എന്നിവര്‍ സംസാരിച്ചു.

KCN