ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി

 

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദുര്‍ഗ്ഗാ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തിയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേഴ്സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമതി അദ്ധ്യക്ഷ കെ.വി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം ) ഡോ.എ.വി.രാംദാസ് മുഖ്യപ്രഭാഷണം നടത്തി.

വാര്‍ഡ് കൗണ്‍സിലര്‍ കുസുമ ഹെഡ്ഗെ, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ.കെ.കെ.ഷാന്റി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് എം.പി.ജീജ, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി.വി.രാമദാസന്‍, ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ വിനോദ് കുമാര്‍ മേലത്ത്, കാഞ്ഞങ്ങാട് ഐ.എം.എ പ്രസിഡണ്ട് ഡോ.വി.സുരേശന്‍, ഐ.എ.പി ഡോ.ബിപിന്‍ കെ നായര്‍, പി.ടി.എ പ്രസിഡണ്ട് വി.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ.ബി.സന്തോഷ് സ്വാഗതവും ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ എന്‍.പി.പ്രശാന്ത് നന്ദിയും പറഞ്ഞു.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അങ്കണ്‍വാടികള്‍, വിദ്യാലയങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ആരോഗ്യ വകുപ്പ് ഒന്ന് മുതല്‍ 19 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് വിരഗുളിക വിതരണം ചെയ്തത്. ജില്ലയില്‍ ഇന്ന് 241614 കുട്ടികള്‍ക്ക് ഗുളിക വിതരണം ചെയ്തു. ഫെബ്രുവരി 8ന് മരുന്ന് കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ഫെബ്രുവരി 15ന് മോപ്പ് അപ്പ് ദിനത്തിന് അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങള്‍, അങ്കണ്‍വാടികള്‍ വഴി ഗുളിക കഴിക്കാവുന്നതാണ് .

വിരബാധ ഉണ്ടാകുന്നത് തടയുന്നതിനായി ഇവ ശ്രദ്ധിക്കാം

കൈകഴുകാതെ ഭക്ഷണം കഴിക്കുക, മണ്ണില്‍ കളിക്കുക, ഈച്ചകള്‍ വഴി, മലം കലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുക എന്നിവ വഴി വിരബാധ ഉണ്ടാകാം. വിരബാധ കുട്ടികളില്‍ വിളര്‍ച്ച , പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു. ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള കഴിവ് കുറയ്ക്കുകയും പ്രവര്‍ത്തന മികവിനെ ബാധിക്കുകയും ചെയ്യുന്നു. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി വിരഗുളിക കഴിക്കുന്നത് വിളര്‍ച്ച തടയുകയും കുട്ടികളുടെ ശാരീരിക വളര്‍ച്ച ഉറപ്പാക്കുകയും ചെയുന്നു. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസ്സര്‍ജ്യങ്ങള്‍ ശരിയായി സംസ്‌കരിക്കുക. മാംസം നന്നായി പാചകം ചെയ്ത് മാത്രം ഉപയോഗിക്കുക. കുട്ടികളുടെ നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക. അടിവസ്ത്രങ്ങള്‍ ദിവസവും മാറ്റുക. വീടിന് പുറത്ത് പോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. ഭക്ഷണം അടച്ച് സൂക്ഷിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്ജ്ജനം ഒഴിവാക്കുക. ആറുമാസത്തിലൊരിക്കല്‍ വിര നശീകരണത്തിനായി വിരഗുളിക ഗുളിക കഴിക്കുക എന്നിവ വിരയെ തടയാനുള്ള മാര്‍ഗ്ഗങ്ങള്‍ ആണ്.

KCN

more recommended stories