ഡോ.ഇ.കെ.ജാനകി അമ്മാളിന്റെ സസ്യശാസ്ത്ര സംഭാവനകള്‍ വിശേഷണാതീതം ; ഡോ.എ.എ.മാവോ

 
ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ
ഡോ. ഇ.കെ.ജാനകി അമ്മാള്‍ക്ക്
ശാസ്ത്രഗവേഷക എന്ന നിലയ്‌ക്കോ ശാസ്ത്രത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിയെന്ന നിലയ്‌ക്കോ ഏതുവിശേഷണം നല്‍കിയാലും വിശേഷണങ്ങള്‍ക്കുമപ്പുറമാണ് അവരുടെ സ്ഥാനമെന്ന് കൊല്‍ക്കത്ത ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഡയറക്ടര്‍ ഡോ.എ.എ.മാവോ
പറഞ്ഞു.36-മത് കേരള ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി നടക്കുന്ന ഡോ.ഇ.കെ.ജാനകി അമ്മാള്‍ സ്മാരക പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാനകി അമ്മാളിന്റെ ശാസ്ത്ര ജീവിതം ഇന്നും പലര്‍ക്കും അപരിചിതമാണ്. ഏഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളില്‍ പ്രവര്‍ത്തിച്ച ഗവേഷകയാണ് ജാനകി അമ്മാള്‍. സസ്യജാതികള്‍ക്കിടയില്‍ ‘വര്‍ഗാന്തര സങ്കരണം’ (ഇന്റര്‍ജനറിക് ഹൈബ്രിഡൈസേഷന്‍) സാധ്യമാണെന്ന് കണ്ടെത്തിയത് ജാനകി അമ്മാള്ളാണ്.
ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ മധുരവും ഉയര്‍ന്ന വിളവ് നല്‍കുന്നതുമായ ഒരു ഇനം കരിമ്പ് വികസിപ്പിച്ചെടുത്തതിന്റെ പുറകിലും അവരുടെ പരിശ്രമവും അറിവുമാണ്. അതുപോലെ യൂറോപ്പിനെ അലങ്കരിക്കുന്ന അതിവിശിഷ്ടമായ മഗ്‌നോളിയ പൂമരങ്ങളും വികസിപ്പിച്ചത് ജാനകി അമ്മാള്ളാണ്. വംശീയസസ്യശാസ്ത്രം (എത്‌നോബോട്ടണി) എന്ന പഠനശാഖയ്ക്ക് ഇന്ത്യയില്‍ തുടക്കംകുറിച്ചതും ഡോ.ഇ.കെ. ജാനകി അമ്മാള്‍ എന്ന ശാസ്ത്ര പ്രതിഭയാണ്.

കാര്‍ഷികസസ്യങ്ങളും അവയുടെ വന്യബന്ധുക്കളും ഉള്‍പ്പെടെ ഭൂമുഖത്തെ പതിനായിരം പുഷ്പിതസസ്യങ്ങളുടെ ക്രോമസോം അറ്റ്‌ലസ് (ദി ക്രോമസോം അറ്റ്‌ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ്, 1945) ആദ്യമായി പ്രസിദ്ധീകരിച്ചതും ജാനകി അമ്മാളാണ്. ലണ്ടനിലെ പ്രശസ്തമായ ജോണ്‍ ഇന്‍സ് ഹോര്‍ട്ടിക്കള്‍ച്ചറര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് സൈറ്റോളജിസ്റ്റായി പ്രവര്‍ത്തിക്കുമ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സിറില്‍ ഡി.ഡാര്‍ലിങ്ടണുമായി ചേര്‍ന്നാണ് പ്രസിദ്ധീകരണം പുറത്തിറക്കിയത്. സസ്യഗവേഷണരംഗത്ത് ഒട്ടേറെ കണ്ടെത്തലുകള്‍ അവര്‍ നടത്തി. അസംഖ്യം ഗവേഷണപ്രബന്ധങ്ങള്‍ ദേശീയ, അന്തര്‍ദേശീയ ശാസ്ത്രജേണലുകളില്‍ പ്രസിദ്ധീകരിച്ചു.
ഇന്ത്യയിലെ സ്ത്രീകള്‍ ഭൂരിഭാഗവും വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയിരുന്ന ഒരു കാലത്ത ഒട്ടേറെ കഠിനമായ പാതയിലൂടെയാണ് ജാനകി അമ്മാള്‍ തന്റെ സ്വപ്നങ്ങളെ പിന്തുടര്‍ന്നത്. തലശ്ശേരിയിലെ ചേറ്റംകുന്നിലെ പുരാതന കുടുംബത്തില്‍ ദിവാന്‍ ബഹദൂര്‍ ഇ.കെ.കൃഷ്ണന്റെയും ദേവി കൃഷ്ണന്റെയും മകളായാണ് ജാനകിയുടെ ജനനം. തലശ്ശേരിയിലെ സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം മദ്രാസിലെ ക്യൂന്‍ മേരീസ് കോളേജിലാണ് ബാച്ചിലേഴ്‌സ് ചെയ്തത്. അവിടെത്തന്നെ പ്രസിഡന്‍സി കോളേജില്‍നിന്ന് സസ്യശാസ്ത്രത്തിലും (1921), ഭൗമശാസ്ത്രത്തിലും (1923) എം.എ. ബിരുദങ്ങള്‍ കരസ്ഥമാക്കി. 1924-ല്‍ ബാര്‍ബര്‍ സ്‌കോളര്‍ഷിപ്പ് നേടി. യു.എസിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ ഉപരിപഠനത്തിനായി പോയി. മിഷിഗണില്‍നിന്ന് മാസ്റ്റേഴ്‌സ് ബിരുദം നേടി. 1926-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാനകി, വിമന്‍സ് ക്രിസ്ത്യന്‍ കോളേജില്‍ രണ്ടുവര്‍ഷം അധ്യാപികയായി പ്രവര്‍ത്തിച്ചു.
‘ഓറിയന്റല്‍ ബാര്‍ബര്‍ ഫെലോഷിപ്പ്’ നേടുന്ന ആദ്യവ്യക്തിയെന്നനിലയില്‍ ഗവേഷണവിദ്യാര്‍ഥിയായി. 1928-ല്‍ ജാനകി വീണ്ടും മിഷിഗണിലെത്തി. 1931-ല്‍ ഇന്ത്യയിലാദ്യമായി ഒരു സ്ത്രീ യു.എസില്‍ നിന്നും ശാസ്ത്രവിഷയത്തില്‍ ഡോക്ടറേറ്റ് നേടി.1931 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അവര്‍ രണ്ടുവര്‍ഷക്കാലം തിരുവനന്തപുരം മഹാരാജ കോളേജില്‍ ബോട്ടണി അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കി.
ശേഷം 1934-ല്‍ അധ്യാപനം ഉപേക്ഷിച്ച് കോയമ്പത്തൂരിലെ കരിമ്പുഗവേഷണകേന്ദ്രത്തില്‍ ആദ്യ ജനിതകശാസ്ത്രജ്ഞയായി ചേര്‍ന്നു. 1939-ല്‍ ഇന്ത്യവിട്ട ജാനകി ലണ്ടനിലെ ജോണ്‍ ഇന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷകയായി ചേര്‍ന്നു. 1945-ല്‍ ജോണ്‍ ഇന്‍സ് വിട്ട് വൈസ്ലിയിലെ ‘റോയല്‍ ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി’യില്‍ സൈറ്റോളജിസ്റ്റായി. 1951-ല്‍ ഇന്ത്യയിലേക്ക് മടങ്ങിയ ജാനകി അമ്മാള്‍ ബി.എസ്.ഐ സ്‌പെഷ്യല്‍ ഓഫീസറായി 1954 വരെ പ്രവര്‍ത്തിച്ചു. തുടര്‍ന്നുളള അഞ്ചു വര്‍ഷം അലഹബാദിലെ സെന്‍ട്രല്‍ ബൊട്ടാണിക്കല്‍ ലബോറട്ടറി ഡയറക്ടറായിട്ടായിരുന്നു സേവനം. അതിനു ശേഷം കാശ്മീരിലെ റീജണല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ സ്‌പെഷ്യല്‍ ഓഫീസറായി.
പിന്നീട് ഹിമാലയത്തിലെ സസ്യങ്ങളുടെ കോശവിഭജന പഠനത്തിലും ക്രോമസോം പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച അവര്‍ സസ്യപരിണാമത്തെ സംബന്ധിച്ച പല നിഗമനങ്ങളിലും എത്തിച്ചേര്‍ന്നു. ഹിമാലയത്തിലെ സസ്യ ഇനങ്ങളുടെ ഉല്പത്തി, ചൈന, മ്യാന്‍മര്‍, മലേഷ്യ എന്നിവിടങ്ങളിലെ സസ്യയിനങ്ങളുടെ സ്വാഭാവിക സങ്കരണം വഴിയായിരിക്കാം സംഭവിച്ചിരിക്കുക എന്ന് അവര്‍ അനുമാനിച്ചു. സസ്യശാസ്ത്രത്തില്‍ മാത്രമല്ല ഭൂവിജ്ഞാനീയത്തിലും താല്പര്യമുണ്ടായിരുന്ന അമ്മാള്‍ ഹിമാലയപര്‍വ്വത നിരകളെക്കുറിച്ചും പഠന പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1970-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. അന്നു മുതല്‍ മദ്രാസ് സര്‍വ്വകലാശാലയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ ബോട്ടണിയില എമറിറ്റസ് സയന്റിസ്റ്റായി സേവനമനുഷ്ഠിച്ചു. 1984 ഫെബ്രുവരി 7-ന് മരണമടയുന്നതുവരെ അവര്‍ ഗവേഷണങ്ങള്‍ തുടരുകയും ചെയ്തു.
1977-ല്‍ പദ്മശ്രീ നല്‍കി രാഷ്ട്രം ജാനകിയെ ആദരിച്ചു. ഒട്ടേറെ രാജ്യാന്തര ശാസ്ത്രസമിതികളില്‍ ഫെലോ ആയിരുന്നു ജാനകി. വര്‍ഗീകരണശാസ്ത്രത്തിന്റെ (ടാക്‌സോണമി) മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഏര്‍പ്പെടുത്തിയ ‘പ്രൊഫ. ഇ.കെ. ജാനകി അമ്മാള്‍ മെമ്മോറിയല്‍ അവാര്‍ഡ്’ 1999-ല്‍ നിലവില്‍വന്നു.ജമ്മുവിലെ റീജനല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ജാനകി അമ്മാള്‍ ഹെര്‍ബോറിയം എന്ന പേരില്‍ ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉണ്ട്.

ജാനകി അമ്മാള്ളിന്റെ കാലഘട്ടത്തില്‍
താഴ്ന്ന ജാതിയിലുള്ള സ്ത്രീകള്‍ക്ക് പരിമിതികള്‍ ഏറെ ഉണ്ടായിരുന്നിട്ടും തന്റെ മേഖലയില്‍ അതിശയകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അവിശ്വസനീയമായ ഒരു സ്ത്രീയായിരുന്നു ഡോ. ജാനകി. ജോലിയിലൂടെ എപ്പോഴും ഓര്‍മ്മിക്കപ്പെടണമെന്ന് ജാനകി വിശ്വസിച്ചു. പുതിയ തലമുറയ്ക്ക് താരതമ്യേന അജ്ഞാതയാണെങ്കിലും ജാനകിയുടെ ജീവിതകാലത്ത് അവര്‍ നല്‍കിയ സംഭാവനകള്‍ ഇന്നും അവരുടെ പേര് ഓര്‍മിപ്പിക്കുന്നുവെന്നും ഡോ.എ.എ. മാവോ പറഞ്ഞു.

കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് എം എസ് സ്വാമിനാഥന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കെ.എസ്.സി.എസ്.ടി.ഇ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ മൈക്രോബയോം ഡയറക്ടര്‍ സ്വാഗതവും
കെ.എസ്.സി.എസ്.ടി.ഇ -സി.ഡബ്ല്യൂ.ആര്‍.ഡി.എം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.ടി.കെ.ദൃശ്യ നന്ദിയും പറഞ്ഞു.

KCN

more recommended stories