മുപ്പത്തിയെട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 വര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം;ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു

 

ജില്ലയിലെ 38 തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2024-25 വര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. ജില്ലാപഞ്ചായത്തിന്റെയും ആറ് ബ്ലോക്ക് പഞ്ചായത്തുകളുടേയും രണ്ട് നഗരസഭകളുടേയും 29 ഗ്രാമപഞ്ചായത്തുകളുടേയും വാര്‍ഷിക പദ്ധതികളാണ് അംഗീകരിച്ചത്. കാസര്‍കോട് ജില്ലാ പഞ്ചായത്ത്്, നീലേശ്വരം, പരപ്പ, കാഞ്ഞങ്ങാട്, കാറഡുക്ക, കാസര്‍കോട്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകള്‍, നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകള്‍, കാറഡുക്ക, കിനാനൂര്‍ കരിന്തളം, ബളാല്‍, കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍, മടിക്കൈ, പള്ളിക്കര, മധൂര്‍, ഈസ്റ്റ് എളേരി, കോടോം ബേളൂര്‍, ബേഡഡുക്ക, വലിയപറമ്പ, കുമ്പഡാജെ, ദേലംപാടി, വെസ്റ്റ് എളേരി, പടന്ന, പുല്ലൂര്‍ പെരിയ, മൊഗ്രാല്‍ പുത്തൂര്‍, നീലേശ്വരം നഗരസഭ, പിലിക്കോട്, കള്ളാര്‍, തൃക്കരിപ്പൂര്‍, ചെമ്മനാട്, കാഞ്ഞങ്ങാട്, മുളിയാര്‍, അജാനൂര്‍, ബെള്ളൂര്‍, എന്‍മകജെ, പുത്തിഗെ, മഞ്ചേശ്വരം പഞ്ചായത്തുകളുടേയും വാര്‍ഷിക പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.

2022-23 സാമ്പകത്തിക വര്‍ഷത്തില്‍ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള സ്വരാജ് ട്രോഫി, മഹാത്മാ ട്രോഫി പുരസ്‌ക്കാരങ്ങള്‍ ലഭിച്ച തദ്ദേശഭരണ സ്ഥാപനങ്ങളെ ആദരിച്ചു. സ്വരാജ് ട്രോഫി, സംസ്ഥാന തലത്തില്‍ ഗ്രാമപഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ വലിയ പറമ്പ് പഞ്ചായത്തിനേയും ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിനെയും ആദരിച്ചു. സ്വരാജ് ട്രോഫി ജില്ലാ തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയ ചെറുവത്തൂര്‍ പഞ്ചായത്തിനേയും ബേഡഡുക്ക പഞ്ചായത്തിനേയും ചടങ്ങില്‍ ആദരിച്ചു. മഹാത്മാ പുരസ്‌ക്കാരം ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മടിക്കൈ പഞ്ചായത്തിനേയും പനത്തടി പഞ്ചായത്തിനേയും ചടങ്ങില്‍ ആദരിച്ചു.

ഡി.പി.സി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ആര്‍.രാജേഷ്, ഡി.പി.സി അംഗങ്ങളായ ഷാനവാസ് പാദൂര്‍, എം.മനു, കെ.ശകുന്തള, ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, നജ്മാ റാഫി, അഡ്വ.സി.രാമചന്ദ്രന്‍, വി.വി.രമേശന്‍, അഡ്വക്കറ്റ് എ.പി.ഉഷ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

KCN

more recommended stories