നീലേശ്വരം നഗരസഭാ ഓഫിസ് കെട്ടിടം 26 ന് മന്ത്രി രാജേഷ് ഉദ്ഘാടനം ചെയ്യും

 
നീലേശ്വരം . ജില്ലയിലെ മൂന്നാമത്തെ നഗരസഭയായ നീലേശ്വരം നഗരസഭ ഓഫിസിന് സ്വന്തമായി പണിത ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 26 ന് രാവിലെ 10 ന് മന്ത്രി എം.ബി.രാജേഷ് ഓഫിസ് ഉദ്ഘാടനം നിര്‍വഹിക്കും. എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയാകും. നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്കു വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30, 000 ചതുരശ്ര അടി വിസ്തൃതിയില്‍ 11.3 കോടി രൂപ ചെലവിലാണ് മലബാര്‍ മേഖലയില്‍ തന്നെ സുസജ്ജമായ നഗരസഭ ഓഫിസ് കെട്ടിടം ഒരുക്കിയത്.

വായ്പയില്ലാതെ നഗരസഭയുടെ തനതു ഫണ്ടും വികസന ഫണ്ടും ഉപയോഗിച്ചാണ് ഓഫിസ് കെട്ടിടം പൂര്‍ത്തിയാക്കിയതെന്ന പ്രത്യേകതയുമുണ്ട്.3 നില മന്ദിരത്തിലെ ആദ്യ 2 നിലകളിലും വിവിധ സെക്ഷനുകളും ഫ്രണ്ട് ഓഫിസ് സംവിധാനവും പ്രവര്‍ത്തിക്കും. പൊതുജനങ്ങള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയൊരുങ്ങി. കൗണ്‍സില്‍ ഹാളിനു പുറമേ മറ്റു യോഗങ്ങള്‍ക്കായി 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, സ്ത്രീകള്‍ക്കുള്ള പ്രത്യേക വിശ്രമമുറി, ഫീഡിങ് മുറി എന്നിവയുമുണ്ട്. കൃഷിഭവന്‍, കുടുംബശ്രീ ഓഫിസുകളും ഇങ്ങോട്ടേക്കു മാറും. നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് മൂന്നാം നില സജ്ജീകരിച്ചതെന്നു നഗരസഭ ചെയര്‍പഴ്‌സന്‍ ടി.വി.ശാന്ത, വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി.രവീന്ദ്രന്‍, ഷംസു അരിഞ്ചിര, കൗണ്‍സിലര്‍ ഇ.ഷജീര്‍, സെക്രട്ടറി കെ.മനോജ് കുമാര്‍ തുടങ്ങിയവര്‍ അറിയിച്ചു.

KCN

more recommended stories