കേരളത്തെ ലോകം ഉറ്റുനോക്കുന്ന വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍ കഴിയണം; മന്ത്രി ഡോ.ആര്‍. ബിന്ദു

 
കേരളത്തെ ലോകം ഉറ്റ്‌നോക്കുന്ന വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാന്‍ കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസം സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു പറഞ്ഞു. മടിക്കൈ വാഴക്കോട് ജി.എല്‍.പി.സ്‌കൂളില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെയും ടോയ്ലെറ്റ് ബ്ലോക്കിന്റെയും ഉദ്ഘാടനവും ‘കോഫി ഫോര്‍ യു’ ഇംഗ്ലീഷ് പഠന പദ്ധതി വിജയ പ്രഖ്യാപനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 6000 കോടി രൂപയാണ് സര്‍ക്കാര്‍ ഈ മേഖലയ്ക്ക് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ വിദ്യാര്‍ഥികളുടെയും അവകാശമാണെന്ന് കണ്ട് നടത്തിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ലോക ശ്രദ്ധയാകര്‍ഷിച്ച പദ്ധതിയാണ്.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക ഗുണനിലവാരം ഉറപ്പാക്കാനും നമുക്ക് കഴിഞ്ഞു. എക്കാലത്തും വിദ്യാഭ്യാസ മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്ന സമീപനം തന്നെയാണ് കേരള സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായി കൊണ്ടിരുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിദ്യാഭ്യാസ രംഗം മികച്ചതാണെന്ന് മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പല വിദ്യാലയങ്ങളിലും ലഭിച്ചു. അനവധി വിദ്യാര്‍ത്ഥികള്‍ സ്വകാര്യ വിദ്യാലയങ്ങളില്‍ നിന്ന് പൊതു വിദ്യാലയങ്ങളിലെക്ക് കടന്നു വന്നു. മികച്ച ലാബുകള്‍, ലൈബ്രറികള്‍, ക്ലാസ്സ് മുറികള്‍ തുടങ്ങി മികച്ച പഠന അന്തരീക്ഷമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അതോടൊപ്പം അധ്യാപകരും വിദ്യാത്ഥികളും തമ്മിലുള്ള ബന്ധത്തിലും കാലാനുസൃതമായ മാറ്റം വരണമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരും സമൂഹവും ഒന്നിച്ച് ചേര്‍ന്ന് കുട്ടികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പഠന സൗകര്യം നല്‍കാന്‍ കഴിയണം.

ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ച് സ്‌കൂളുകള്‍ക്കുള്ള ഉപഹാരങ്ങള്‍ നല്‍കി. പി.ഇ.സി സെക്രട്ടറി എം. രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ.വി.ശ്രീലത, മടിക്കൈ പഞ്ചായത്ത് വൈസ്പ്രസിഡന്ണ്ട് വി. പ്രകാശന്‍, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.അബ്ദുല്‍ റഹ്‌മാന്‍, മടിക്കൈ പഞ്ചയാത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ രമ പത്മനാഭന്‍, പി.സത്യ, ടി.പരാജന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ചന്ദ്രന്‍ കരിച്ചേരി, വാര്‍ഡ്മെമ്പര്‍ എ. വേലായുധന, ബി.പി.സി ഹോസ്ദുര്‍ഗ്ഗ് ഡോ. കെ.വി രാജേഷ്, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.പ്രഭാകരന്‍, എം.രാജന്‍, എസ്.എം.സി ചെയര്‍മാന്‍ ടി.വിനയചന്ദ്രന്‍, വികസന സമിതി ചെയര്‍മാന്‍ പി.മനോജ്, വാര്‍ഡ് കണ്‍വീണര്‍ പി.ശിവപ്രസാദ്, മദര്‍ പി.ടി.എ പ്രസിഡണ്ട് ശ്രീന ബിജു, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി ഗോവിന്ദന്‍ മടിക്കൈ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീത സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി.കെ.ബിജു നന്ദിയും പറഞ്ഞു.

KCN

more recommended stories