പ്രതിക്കൂട്ടില്‍ എസ്എഫ്‌ഐ; ന്യായീകരിച്ച് എകെ ബാലന്‍, എല്ലാവര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് പ്രതികരണം

 

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന എസ്എഫ്‌ഐയെ ന്യായീകരിച്ച് സിപിഎം നേതാവ് എകെ ബാലന്‍. എസ്എഫ്‌ഐ എല്ലാവര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്ന് എകെ ബാലന്‍ പറഞ്ഞു. കോളേജുകളെ ലഹരിമുക്തമാക്കിയതും റാഗിങ്ങില്‍ നിന്ന് മുക്തമാക്കിയതും എസ്എഫ്‌ഐയാണെന്നും എകെ ബാലന്‍ ന്യായീകരിച്ചു.
എസ്എഫ്‌ഐയെ കൊലയാളികളായി മുദ്രകുത്തുന്നത് ഇടത് അടിത്തറ തകര്‍ക്കല്‍ ലക്ഷ്യമിട്ടാണെന്നും എ.കെ.ബാലന്‍ ആരോപിച്ചു.
അതിനിടെ, സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. പ്രതികള്‍ എസ്എഫ്ഐ ആയാലും മുഖം നോക്കാതെ നടപടി എടുക്കണം എന്നാണ് നിലപാട്. എസ്എഫ്ഐയും അതാണ് പറഞ്ഞത്. സംഭവത്തില്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ എസ്എഫ്ഐയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ ഡീന്‍ എം.കെ നാരായണനും അസി. വാര്‍ഡന്‍ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നല്‍കും. ഹോസ്റ്റലിലും ക്യാമ്പസിലും ഉണ്ടായ സംഭവങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസിലെ ചോദ്യം. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുന്‍പ് കാരണം ബോധിപ്പിക്കാനായിരുന്നു നിര്‍ദേശം. ഇരുവരുടേയും അഭ്യര്‍ത്ഥന മാനിച്ച് രാവിലെ പത്തര വരെ സമയം നീട്ടി നല്‍കി. വിശദീകരണത്തിന് അനുസരിച്ചാകും ഇരുവര്‍ക്കും എതിരായ നടപടി. നിലവില്‍ കേസിലെ എല്ലാ പ്രതികളും റിമാന്‍ഡിലാണ്. ഇവരില്‍ കൂടുതല്‍ പേരെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തുടര്‍ച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കോളേജ് അടച്ചിട്ടിരിക്കുകയാണ്.

KCN

more recommended stories