പ്രസിദ്ധീകരണത്തിന് ലോക ജലദിനം

മാര്‍ച്ച് 22 ന്റെ ലോക ജലദിനം കാസര്‍കോട് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ജലബജറ്റ് തയ്യാറാക്കിയ ആഹ്ലാദത്തിലാണ് ആഘോഷിക്കുന്നത്. ഒരു ജില്ലയിലെ മുഴുവന്‍ പ്രദേശങ്ങളിലെയും ജലലഭ്യത കണക്കാക്കി വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടിവരുന്ന ജല ഉപയോഗവും പൊരുത്തപ്പെടുത്തിയാണ് ജലബജറ്റ് ജനകീയമായി തയ്യാറാക്കിയിട്ടുള്ളത്. ഇന്ത്യയിലെ മറ്റേതു ജില്ലയ്ക്കും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്റ് മാനേജ് മെന്റിന്റെ സാങ്കേതിക സഹായത്തോടെ നവകേരളം കര്‍മ്മപദ്ധതി മുഖേന ഹരിതകേരളം മിഷനാണ് മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും, മുനിസിപ്പാലിറ്റികളിലെയും ജലബജറ്റ് തയ്യാറാക്കാന്‍ നേതൃത്വം നല്‍കിയത്. ജില്ലയിലെ ജലസേചന വകുപ്പ്, ഭൂജല വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഭാഗം എന്നിവയിലെ സാങ്കേതിക വിദഗ്ദരുടെ നേതൃത്വത്തില്‍ ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലെ സാങ്കേതിക സമിതികളാണ് ജലബജറ്റ് പരിശോധിച്ച് ന്യൂനതകള്‍ പരിഹരിച്ചത്.
ജില്ലാതലത്തില്‍ ജലബജറ്റില്‍ നിന്നും ജലസുരക്ഷാ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ശില്പശാലകള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എല്ലാ ബ്ലോക്കുപഞ്ചായത്തു തലത്തിലും പൂര്‍ത്തിയായി. കാര്‍ഷിക ശാസ്ത്രജ്ഞന്‍ കൂടിയായ ജില്ലാ കലക്ടര്‍ ശ്രീ. കെ ഇമ്പശേഖര്‍ ഐ.എ.എസ് മെമ്പര്‍ സെക്രട്ടറിയും, ജലസംരക്ഷണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുപത്തിയഞ്ചുവര്‍ഷമായി നേതൃത്വം നല്‍കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണന്‍ ചെയര്‍മാനുമായ നവകേരളം കര്‍മ്മപദ്ധതിയുടെ ജില്ലാ മിഷനാണ് ജലസുരക്ഷാ പ്ലാന്‍ തയ്യാറാക്കുന്നതിന് കര്‍മ്മരംഗത്തുള്ളത്. ഭൂജല ലഭ്യതയില്‍ ഏറ്റവും കുറച്ച് അളവുള്ള ക്രിട്ടിക്കല്‍ മേഖലയായ കാസര്‍കോട് ബ്ലോക്കിനെകൂടി ജലസുരക്ഷയിലേക്ക് എത്തിക്കുകയെന്നതാണ് ജില്ലാ ജലസുരക്ഷാ പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ പത്ത് വര്‍ഷക്കാലത്ത് ജില്ലയില്‍ പെയ്തിറങ്ങിയ പ്രതിദിന മഴയുടെ അളവ് പരിഗണിച്ചാണ് ബഡ്ജറ്റിനുള്ള ജലലഭ്യത കണക്കാക്കിയത്. ജലസേചന വകുപ്പിന് കീഴിലുള്ള ഹൈഡ്രോളജി റെയിന്‍ഗേജ് സ്റ്റേഷനുകളില്‍ നിന്നുള്ള മഴ അളവാണ് പരിശോധിച്ചത്. നിലവില്‍ കവ്വായിപുഴയ്ക്ക് വെള്ളച്ചാലിലും, തേജസ്വിനി പുഴയ്ക്ക് കാക്കടവിലും, നീലേശ്വരം പുഴയ്ക്ക് എരിക്കുളത്തും, ചന്ദ്രഗിരി പുഴയ്ക്ക് കല്യോട്ടും, പടിയടുക്കയിലും, മൊഗ്രാല്‍ പുഴയ്ക്കു് മധൂര്‍, ഷിറിയ പുഴയ്ക്ക് പൈക്ക, ഉപ്പള പുഴയ്ക്ക് ഉപ്പളയിലും, മഞ്ചേശ്വരം പുഴയ്ക്ക് മഞ്ചേശ്വരത്തുമുള്ള മഴ മാപിനികളില്‍ നിന്നും പത്ത് വര്‍ഷകാലത്ത് ഓരോ വര്‍ഷവും ജൂണ്‍ ഒന്നു മുതല്‍ മെയ് 31 വരെയുള്ള ജലവര്‍ഷത്തില്‍ ലഭിച്ച മഴയുടെ അളവാണ് ജില്ലാ ബജറ്റിന് ആധികാരികരേഖയായി പരിഗണിച്ചത്.
ജില്ലയില്‍ വാര്‍ഷിക മഴയുടെ പത്ത് വര്‍ഷത്തെ ശരാശരി 3633 മില്ലീമിറ്ററാണ്. എന്നാല്‍ 4500 മില്ലീമിറ്ററോളം മഴ വെള്ളരിക്കുണ്ട് താലൂക്കില്‍ മാത്രം ലഭിക്കുന്നുണ്ട്. ജില്ലയിലെ മഴ ദിനങ്ങള്‍ 145 ദിവസമാണെന്ന് കാണാന്‍ കഴിഞ്ഞു. ഇതില്‍ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷകാലത്ത് ശരാശരി 94 ദിവസം മഴ ലഭിക്കുന്നുണ്ട്. തുലാവര്‍ഷത്തില്‍ 22 ദിവസവും, ജനുവരി, ഫെബ്രുവരി മാസം 6 ദിവസവും വേനല്‍മഴ ശരാശരി 20 ദിവസവുമാണ് ലഭിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. പെയ്യുന്ന മഴയുടെ സിംഹഭാഗവും ശരാശരി 2300 മില്ലീമിറ്റര്‍ കാലവര്‍ഷത്തിലാണ് ലഭിക്കുന്നത്. വേനല്‍മഴയുടെ കുറവും തുലാവര്‍ഷത്തിന്റെ അളവില്‍ കുറവും രൂക്ഷമായ വരള്‍ച്ചയ്ക്ക് കാരണമാകുന്നു. ജില്ലാ ശരാശരി ജലവിനിയോഗം പരിഗണിച്ചത് ഗാര്‍ഹിക, കൃഷി, മൃഗസംരക്ഷണ, വ്യവസായ, വാണിജ്യ മേഖലയിലെ ആവശ്യങ്ങളാണ്. ജലസേചിതമേഖല 53000 ഹെക്ടറും മഴമറി പ്രദേശം 87000 ഹെക്ടറുമാണ്. വിവിധ കൃഷി ആവശ്യങ്ങള്‍ക്കു വേണ്ടിവരുന്ന ജല ആവശ്യം പ്രത്യേകമായി കണക്കിലെടുത്തിട്ടുണ്ട്.
ജില്ലയുടെ മഴലഭ്യതയും പ്രതിദിന ജല ആവശ്യവും കണക്കിലെടുക്കുമ്പോള്‍ മുപ്പത്തിയേഴുശതമാനം ജലമിച്ചമുള്ള ജില്ലയാണ്. എന്നാല്‍ കാലവര്‍ഷത്തില്‍ മാത്രമാണ് ജലമിച്ചം കാണുന്നത്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ ജലകമ്മി രൂക്ഷമായി അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് ജില്ലയിലുള്ളതെന്ന് ജലബജറ്റ് ബോധ്യപ്പെടുത്തുന്നു. പെയ്തിറങ്ങുന്ന മഴവെള്ളത്തെ ശാസ്ത്രീയമായി സംഭരിച്ച് വിനിയോഗിച്ചാല്‍ മാത്രമെ ജലകമ്മി പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. ഭൂജലലഭ്യതക്കുറവ് കാസര്‍കോട് ബ്ലോക്കില്‍ അതിതീവ്രമാണ്. മഞ്ചേശ്വരത്തും കാഞ്ഞങ്ങാടും തീവ്രതയിലേക്ക് അടുക്കുന്നു. ഭൂജലപോഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കേണ്ടതുണ്ട്.
നിലവില്‍ ഓരോ ഗ്രാമപഞ്ചായത്ത്തലത്തിലും മുനിസിപ്പല്‍ തലത്തിലുമാണ് ജലബജറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി വരുന്നു.കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ ജലസുരക്ഷ പ്ലാന്‍ തയ്യാറാക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിവരുന്നു.
സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ ജലബജറ്റ് തയ്യാറാക്കിയ 15 ബ്ലോക്കുകളില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തും ഒപ്പമുള്ള അജാനൂര്‍, പള്ളിക്കര, ഉദുമ, പുല്ലൂര്‍ പെരിയ, മടിക്കൈ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെട്ടിരുന്നു. സംസ്ഥാനതലത്തില്‍ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് ജലസുരക്ഷ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മുഖേന നീരുറവ് സമഗ്രമാസ്റ്റര്‍ പ്ലാന്‍ പ്രകാരം നീര്‍ത്തടാടിസ്ഥാനത്തില്‍ സമഗ്ര മണ്ണു ജലസംരക്ഷണ പദ്ധതികള്‍, നീര്‍ച്ചാല്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍, ജലാശയ നിര്‍മ്മാണം, നവീകരണ ഇടപെടലുകള്‍ മഴവെള്ള റീചാര്‍ജ്ജിംഗ് എന്നിവയാണ് നടപ്പാക്കുന്നത്. കൂടാതെ മറ്റുവകുപ്പുകളെയും ഏകോപിപ്പിച്ചാണ് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
ജില്ലാ ജലസുരക്ഷ പ്ലാനില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പ്രകൃതിവിഭവ സംരക്ഷണ പ്രവര്‍ത്തനങ്ങളും, ജലസേചന വകുപ്പിലെ ചെറുകിട പ്രവര്‍ത്തികളും, പുഴ പുനരുജ്ജീവന പദ്ധതികളും മണ്ണു ജലസംരക്ഷണ വകുപ്പിന്റെ നീര്‍ത്തട വികസന പരിപാടികളും ഭൂജല വകുപ്പിന്റെ ഭൂജല പരിപോഷണ പദ്ധതികളും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി തുകയും പ്രയോജനപ്പെടുത്തിയാണ് പ്രൊജക്ടുകള്‍ തയ്യാറാക്കുന്നത്. നബാര്‍ഡിന്റെ സവിശേഷ സഹായവും ലഭ്യമാകും.
സംസ്ഥാന ശരാശരിയില്‍ ഏറ്റവും അധികം മഴ ലഭിക്കുന്ന ഭൂപ്രദേശത്ത് രൂക്ഷമായ വരള്‍ച്ച അനുഭവപ്പെടുന്ന മേഖല പ്രത്യേകമായി പരിഗണിച്ച് ജലസുരക്ഷാ പദ്ധതി തയ്യാറാക്കാനാണ് ജലബജറ്റ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജില്ലയിലെ നദീതടങ്ങളെ അടിസ്ഥാനമാക്കി സമഗ്രമായ ജലസുരക്ഷാ പ്ലാന്‍ തുടര്‍ന്ന് തയ്യാറാക്കും. ഉപ്പുവെള്ള പ്രതിരോധത്തിനുള്ള റെഗുലേറ്ററുകള്‍ എല്ലാ പുഴയിലും അനിവാര്യമാണ്. അതോടൊപ്പം നീര്‍ത്തടത്തിന്റെ മുകള്‍ഭാഗം മുതല്‍ ക്രമത്തില്‍ ജലസംരക്ഷണ ഉപാധികള്‍ നിര്‍മ്മിക്കുന്നതിനാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

KCN

more recommended stories