മുംബൈ ഇന്ത്യന്‍സ്, സിഎസ്‌കെ ആരാധകരെ ആഹ്‌ളാദിപ്പിന്‍; ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 പുനരാരംഭിച്ചേക്കും

സിഡ്‌നി: ഒരുകാലത്ത് ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ചിരുന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ട്രോഫി തിരിച്ചെത്തിയേക്കും. നീണ്ട 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍സ് ലീഗ് ട്രോഫി നടത്താന്‍ ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ വമ്പന്‍ ക്രിക്കറ്റ് ബോര്‍ഡുകള്‍ ശ്രമം തുടങ്ങിയതായാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്. ബിസിസിഐയും ക്രിക്കറ്റ് ഓസ്‌ട്രേലിയയും ക്രിക്കറ്റ് സൗത്താഫ്രിക്കയും ചേര്‍ന്ന് 2008ലാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20ക്ക് തുടക്കമിട്ടത്.

ലോകത്തെ വിവിധ ടി20 ഫ്രാഞ്ചൈസികള്‍ മുഖാമുഖം വരുന്ന ടൂര്‍ണമെന്റാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20. രാജ്യാന്തര മത്സരങ്ങളുടെ തിരക്കേറിയ ഷെഡ്യൂളാണ് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ടൂര്‍ണമെന്റ് നടത്താന്‍ വലിയ ഭീഷണി. എന്നാലിപ്പോള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ, ബിസിസിഐ, ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാനുള്ള ചര്‍ച്ചകളില്‍ സജീവമാണ്. പുരുഷന്‍മാര്‍ക്ക് പുറമെ വനിതകളുടെ ചാമ്പ്യന്‍സ് ലീഗ് ടി20യും നടത്താന്‍ ആലോചനയുണ്ട്. ദി ഹണ്ട്രഡിനും വനിതാ ബിഗ് ബാഷിനും പുറമെ ഇന്ത്യയിലെ വനിതാ പ്രീമിയര്‍ ലീഗും വളരെ സജീവമായ സാഹചര്യത്തിലാണിത്. ലോകത്തെ വമ്പന്‍ ടി20 ക്ലബുകള്‍ തമ്മിലുള്ള പോരാട്ടം രാജ്യന്തര മത്സരങ്ങളുടെ ആവേശം തന്നെ സൃഷ്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

2014ല്‍ ഇന്ത്യയില്‍ വച്ചായിരുന്നു അവസാനമായി ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 നടന്നത്. ബെംഗളൂരുവില്‍ നടന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സായിരുന്നു ജേതാക്കള്‍. 2009-10 മുതല്‍ 2014-15 വരെ ആറ് എഡിഷനുകളാണ് നടന്നത്. രണ്ട് ടൂര്‍ണമെന്റുകള്‍ക്ക് ദക്ഷിണാഫ്രിക്കയും നാല് എണ്ണത്തിന് ഇന്ത്യയും വേദിയായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും രണ്ട് വീതവും ന്യൂ സൗത്ത് വെയ്ല്‍സും സിഡ്‌നി സിക്‌സേര്‍സും ഓരോ കിരീടവും നേടി.

KCN

more recommended stories