കരീബിയന്‍ കൊടുങ്കാറ്റ്! കൂടെ റിങ്കുവും രഘുവന്‍ഷിയും; ഡല്‍ഹി ബൗളര്‍മാരെ പിച്ചിചീന്തി കൊല്‍ക്കത്ത

വിശാഖപട്ടണം: ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. 273 റണ്‍സിന്റെ വിജയലക്ഷ്യമാണ് കൊല്‍ക്കത്ത മുന്നോട്ടുവച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണിത്. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് റണ്‍മല താണ്ടിയത്. സുനില്‍ നരെയ്ന്‍ (39 പന്തില്‍ 85), ആംഗ്കൃഷ് രഘുവന്‍ഷി (27 പന്തില്‍ 54), ആന്ദ്രേ റസ്സല്‍ (19 പന്തില്‍ 41 ), റിങ്കു സിംഗ് (8 പന്തില്‍ 26) എന്നിവരാണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ആന്റിച്ച് നോര്‍ജെ ഡല്‍ഹിക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ഗംഭീര തുടക്കമാണ് കൊല്‍ക്കത്തയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഫില്‍ സാള്‍ട്ട് (12 പന്തില്‍ 18) നരെയ്ന്‍ സഖ്യം 60 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറില്‍ സാള്‍ട്ടിനെ പുറത്താക്കി നോര്‍ജെ കൂട്ടുകെട്ട് പൊളിച്ചു. മൂന്നാമതെത്തിയ രഘുവന്‍ഷി, നരെയ്‌നൊപ്പം ചേര്‍ന്ന് അടി തുടര്‍ന്നു. ഇരുവരും 104 റണ്‍ കൂട്ടിചേര്‍ത്തു. എന്നാല്‍ 13-ാം ഓവറില്‍ നരെയ്ന്‍ മടങ്ങി. മിച്ചല്‍ മാര്‍ഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച്. ഏഴ് വീതം ഫോറും സിക്‌സും അടങ്ങുന്നതായിരുന്നു നരെയ്‌ന്റെ ഇന്നിംഗ്‌സ്. വൈകാതെ രഘുവന്‍ഷിയും പവലിയനില്‍ തിരിച്ചെത്തി. മൂന്ന് സിക്‌സും അഞ്ച് ഫോറും താരം നേടിയിരുന്നു. ശ്രേയസ് അയ്യര്‍ക്ക് (18) അധികനേരം പിടിച്ചു നില്‍ക്കാനായില്ല.

തുടര്‍ന്നെത്തിയ റിങ്കു ആക്രമിച്ച് കളിച്ചതോടെ കൊല്‍ക്കത്ത റെക്കോര്‍ഡ് സ്‌കോര്‍ പടുത്തുയര്‍ത്തി. റിങ്കുവും റസ്സലും അവസാന ഓവറുകളില്‍ വീണു. വെങ്കടേഷ് അയ്യര്‍ (5), മിച്ചല്‍ സ്റ്റാര്‍ക്ക് (1) പുറത്താവാതെ നിന്നു. രമണ്‍ദീപ് സിംഗാണ് (2) പുറത്തായ മറ്റൊരു താരം.

നേരത്തെ, ഇരു ടീമുകളും ഓരോ മാറ്റം വരുത്തി. ഡല്‍ഹി മുകേഷ് കുമാറിന് പകരം സുമിത്തിനെ ടീമില്‍ ഉള്‍പ്പെടുത്തി. ആംഗ്കൃഷ് രഘുവന്‍ഷി കൊല്‍ക്കത്ത പ്ലേയിംഗ് ഇലവനില്‍ ഇടം നേടി. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ആത്മവിശ്വാസത്തിലാണ് കൊല്‍ക്കത്ത. നിലവില്‍ രണ്ടാം സ്ഥാനത്താണ് ടീം. മൂന്നില്‍ രണ്ട് മത്സരം ജയിച്ച ഡല്‍ഹി ഏഴാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ നിലവിലെ ചാപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തോല്‍പ്പിച്ച ആത്മവിശ്വാസം അവര്‍ക്കുണ്ട്.

ഡല്‍ഹി കാപിറ്റല്‍സ് : പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത് ( ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍മ), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അഭിഷേക് പോറെല്‍, അക്‌സര്‍ പട്ടേല്‍, ആന്റിച്ച് നോര്‍ജെ, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രമണ്‍ദീപ് സിംഗ്, റിങ്കു സിംഗ്, ആന്ദ്രെ റസ്സല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, അനുകുല്‍ റോയ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

KCN

more recommended stories