പഞ്ചാബിനെ അടിച്ചുകലക്കി ഗില്ലാട്ടം, തെവാട്ടിയ ഫിനിഷിംഗ്; ഗുജറാത്ത് ടൈറ്റന്‍സിന് 199 റണ്‍സ്

അഹമ്മദാബാദ്: ഐപിഎല്‍ 2024ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 200 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ടൈറ്റന്‍സ് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് നേടുകയായിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയോളം പോന്ന ഇന്നിംഗ്‌സും (48 പന്തില്‍ 89*), രാഹുല്‍ തെവാട്ടിയ ഫിനിഷിംഗുമാണ് (8 പന്തില്‍ 23*) ഗുജറാത്ത് ടൈറ്റന്‍സിന് കരുത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് മൂന്നാം ഓവറിലെ അവസാന പന്തില്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 13 പന്തില്‍ 11 റണ്‍സ് നേടിയ വൃദ്ധിമാന്‍ സാഹയെ കാഗിസോ റബാഡ പുറത്താക്കുകയായിരുന്നു. നന്നായി തുടങ്ങിയെങ്കിലും 22 ബോളില്‍ 26 എടുത്തുനില്‍ക്കേ കെയ്ന്‍ വില്യംസണെ ഹര്‍പ്രീത് ബ്രാറും പറഞ്ഞയച്ചു. ഈസമയം ടൈറ്റന്‍സ് സ്‌കോര്‍ 8.3 ഓവറില്‍ 69-2. എന്നാല്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ക്രീസിലൊന്നിച്ച സായ് സുദര്‍ശന്‍ അതിവേഗം ഇന്നിംഗ്‌സ് മുന്നോട്ട് നയിച്ചു. 14-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേലിന്റെ സ്ലോ ബോളില്‍ ബാറ്റ് വെച്ച സായ് (19 പന്തില്‍ 33) എഡ്ജായി വിക്കറ്റിന് പിന്നില്‍ ജിതേഷ് ശര്‍മ്മയുടെ കൈകളിലെത്തിയത് വഴിത്തിരിവാകുമെന്ന് തോന്നിച്ചു.

പക്ഷേ ഫിഫ്റ്റി തികച്ച ശുഭ്മാന്‍ ഗില്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറെ കാഴ്ചക്കാരനാക്കി ടൈറ്റന്‍സിന്റെ സ്‌കോറുയര്‍ത്തി. 16 ഓവറില്‍ 141-3 എന്ന നിലയിലായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ്. ഇതിന് ശേഷം ഹര്‍ഷലിനെയും റബാഡയേയും ശിക്ഷിച്ച് ഗില്‍ ഗിയര്‍ മാറ്റി. എന്നാല്‍ ഇതിനിടെ ശങ്കര്‍ (10 പന്തില്‍ 8) ബ്രാറിന്റെ ക്യാച്ചില്‍ മടങ്ങി. ഇതിന് ശേഷം വെടിക്കെട്ടുമായി ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു ശുഭ്മാന്‍ ഗില്ലും രാഹുല്‍ തെവാട്ടിയയും.

പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, കെയ്ന്‍ വില്യംസണ്‍, വിജയ് ശങ്കര്‍, അസമത്തുള്ള ഒമര്‍സായ്, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഉമേഷ് യാദവ്, ദര്‍ശന്‍ നല്‍ക്കണ്ഡെ.

പഞ്ചാബ് കിംഗ്‌സ്: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ജോണി ബെയ്ര്‍‌സ്റ്റോ, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), പ്രഭ്‌സിമ്രാന്‍ സിംഗ്, സാം കറന്‍, ഷശാന്ത് സിംഗ്, സിക്കന്ദര്‍ റാസ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കാഗിസോ റബാഡ, അര്‍ഷ്ദീപ് സിംഗ്.

KCN

more recommended stories