ജനാധിപത്യത്തിന്റെ കാവലാളാവുക എന്നത് പ്രധാന പൗര ധര്‍മ്മം ;വത്സന്‍ പിലിക്കോട്

 

കരിവെള്ളൂര്‍: ജനാധിപത്യ പ്രക്രിയയുടെ കാവലാളാവുക എന്നത് വര്‍ത്തമാനകാലത്ത് നിര്‍വ്വഹിക്കപ്പെടേണ്ടുന്ന സുപ്രധാന പൗര ധര്‍മ്മമാണെന്ന് പ്രമുഖ പ്രഭാഷകന്‍ ഡോ. വത്സന്‍ പിലിക്കോട് വ്യക്തമാക്കി. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച ‘ ഇന്ത്യ ഒരു സമകാലിക വായന ‘ എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്റെ അതിരുകള്‍ മാഞ്ഞു പോവുകയും വ്യക്തികള്‍ തമ്മിലുള്ള സാമ്പത്തീക അന്തരം വര്‍ദ്ധിക്കുകയും ചെയ്യുന്നത് വലിയ സാമൂഹിക ചേരിതിരിവിന് കാരണമാകുന്നുണ്ട്. ആഗോള മൂലധനം ചുരുക്കം കൈകളിലൂടെ വിനിമയം നടത്തുന്നതു കൊണ്ടാണ് ഈ സ്ഥിതി തുടരുന്നത്. പല നിലകളിലും അന്യവല്‍ക്കരണം നടന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഭരണകൂടങ്ങളെ അവരുടെ ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുന്നതിന് ജനാധിപത്യ ക്രമത്തെ ആഴത്തില്‍ അറിയേണ്ടത് അനിവാര്യമാണ്. അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലുള്ള ഒരു ബഹു സ്വര സമൂഹം നിലനില്‍ക്കാന്‍ മത നിരപേക്ഷ മൂല്യങ്ങളെ തനിമ ചോരാതെ കാക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശശിധരന്‍ ആലപ്പടമ്പന്‍ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍, കൂക്കാനം റഹ് മാന്‍ , കെ.പി. രാജശേഖരന്‍ പി.വി. വിജയന്‍ സംസാരിച്ചു.
പടം: പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച’ ഇന്ത്യ : സമകാലിക വായന ‘ ഡോ.വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്യുന്നു.

KCN

more recommended stories