അവസാനം എറിഞ്ഞ് പൂട്ടിക്കളഞ്ഞു, ധോണി ഫിനിഷിംഗില്ല; കൂറ്റന്‍ സ്‌കോറില്ലാതെ സിഎസ്‌കെ, ഹൈദരാബാദിന് ജയിക്കാന്‍ 166

ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ സ്‌കോറില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിഎസ്‌കെ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് എടുത്തത്. 45 റണ്‍സ് നേടിയ ശിവം ദുബെയാണ് ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു സണ്‍റൈസേഴ്‌സ്. പതിവ് ധോണി ഫിനിഷിംഗിന് കാത്തിരുന്ന ആരാധകര്‍ നിരാശരായി.

ഉപ്പല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സിഎസ്‌കെയെ ബാറ്റ് ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. ഹൈദരാബാദില്‍ സുഖമില്ലാത്ത മായങ്ക് അഗര്‍വാളിന് പകരം നിതീഷ് റെഡ്ഡി പ്ലേയിംഗ് ഇലവനിലെത്തി. മൂന്ന് വിദേശ താരങ്ങള്‍ മാത്രമേ സണ്‍റൈസേഴ്‌സിന്റെ ഇലവനിലുള്ളൂ. അതേസമയം മൂന്ന് മാറ്റങ്ങളുമായാണ് സിഎസ്‌കെ കളത്തിലിറങ്ങിയത്. പരിക്കേറ്റ മതീഷ പരിതാനയ്ക്ക് പകരം മഹീഷ് തീക്ഷന ഇലവനിലെത്തിയപ്പോള്‍ മൊയീന്‍ അലി, മുകേഷ് ചൗധരി എന്നിവരാണ് ഇന്ന് ഇലവനിലെത്തിയ മറ്റ് താരങ്ങള്‍.

ഓപ്പണര്‍ രചിന്‍ രവീന്ദ്രയെ (9 പന്തില്‍ 12) നാലാം ഓവറില്‍ മടക്കി പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദിന് ആദ്യ മേല്‍ക്കൈ നേടിക്കൊടുത്തു. മിഡ് ഓണില്‍ ഏയ്ഡന്‍ മാര്‍ക്രമിനായിരുന്നു ക്യാച്ച്. ഇതിന് ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദും അജിങ്ക്യ രഹാനെയും സ്‌കോര്‍ മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ ഷഹ്ബാസ് അഹമ്മദിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച റുതു 8-ാം ഓവറിലെ ആദ്യ പന്തില്‍ ലോങ് ഓണ്‍ ബൗണ്ടറിക്കരികെ അബ്ദുള്‍ സമദിന്റെ ക്യാച്ചില്‍ മടങ്ങി. 21 പന്തില്‍ 26 റണ്‍സാണ് റുതുരാജ് നേടിയത്. ഇതിന് ശേഷം അജിങ്ക്യ രഹാനെ- ശിവം ദുബെ സഖ്യം സ്‌കോര്‍ ഉയര്‍ത്തുന്നതാണ് കണ്ടത്. പേസര്‍ ടി നടരാജനെ തുടര്‍ച്ചയായ സിക്‌സുകള്‍ക്ക് പായിച്ച് ദുബെ ടോപ് ഗിയറിലേക്ക് മാറി.

നാല് സിക്‌സുകളുമായി തകര്‍ത്തടിച്ച് മുന്നേറുകയായിരുന്ന ശിവം ദുബെയെ (24 പന്തില്‍ 45) 14ാം ഓവറിലെ മൂന്നാം പന്തില്‍ പാറ്റ് കമ്മിന്‍സ് സ്ലോ ബോളില്‍ തളച്ചു. ഒരോവറിന്റെ ഇടവേളയില്‍ അജിങ്ക്യ രഹാനെയെ (30 പന്തില്‍ 35) ജയ്‌ദേവ് ഉനദ്കട്ടും മടക്കി. രവീന്ദ്ര ജഡേജയും ഡാരില്‍ മിച്ചലും ക്രീസില്‍ നില്‍ക്കേ 16 ഓവറില്‍ 132-4 എന്ന സ്‌കോറിലായിരുന്നു സിഎസ്‌കെ. അവസാന ഓവറുകളിലെ സ്ലോ ബോളുകളില്‍ വെടിക്കെട്ട് ഫിനിഷിംഗ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അപ്രാപ്യമായപ്പോള്‍ സണ്‍റൈസേഴ്‌സ് ശക്തമായി തിരിച്ചെത്തുകയായിരുന്നു. നട്ടു അവസാന ഓവറില്‍ ഡാരില്‍ മിച്ചലിനെ (11 പന്തില്‍ 13) മടക്കി. അവസാന മൂന്ന് പന്ത് നേരിടാനെത്തിയ എം എസ് ധോണിക്കും ഒന്നും ചെയ്യാനായില്ല. ധോണി 2 പന്തില്‍ 1* ഉം, ജഡ്ഡു 23 പന്തില്‍ 31* ഉം റണ്‍സുമായി പുറത്താവാതെ നിന്നു

KCN

more recommended stories