ക്യൂ നിയന്ത്രിക്കാന്‍ ടോക്കണും വിതരണം’; പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷനുകള്‍ വോട്ടര്‍ സൗഹൃദമാക്കാന്‍ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. പരിശീലന സമയത്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.

പോളിംഗ് സ്റ്റേഷന്‍ ഒരുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളുടെ സ്ഥാനം, ലഭ്യമായ സൗകര്യങ്ങള്‍, വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് എന്നിവയെക്കുറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിന് ശരിയായ അടയാളങ്ങള്‍ പോളിംഗ് സ്റ്റേഷനുകളില്‍ സ്ഥാപിക്കണം. ഇവ ഇംഗ്ലീഷിലും മലയാളത്തിലും നീലയും വെള്ളയും നിറത്തിലായിരിക്കണം. അക്ഷരങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് വലുപ്പത്തില്‍ ഉചിതമായ ഉയരത്തില്‍ സ്ഥാപിക്കേണ്ടതും വോട്ടര്‍ക്ക് അകലെ നിന്ന് എളുപ്പത്തില്‍ കാണാവുന്നതുമായിരിക്കണം.

ഒന്നും നശിപ്പിക്കരുത്

പോളിംഗ് സ്റ്റേഷനുകള്‍ കൂടുതലും സ്‌കൂളുകളിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌കൂള്‍ കെട്ടിടങ്ങളുടെ ചുവരുകളില്‍ ചിത്രങ്ങളും ഭൂപടങ്ങളും വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ഇത് നശിപ്പിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ക്ലാസ് മുറികളിലെ ഭിത്തികളിലുള്ള ചിത്രങ്ങളും മാപ്പുകളും നശിപ്പിച്ചത് സംബന്ധിച്ചു പരാതികള്‍ ലഭിക്കുകയും നിയമ നടപടികളിലേക്കു നീങ്ങിയ സാഹചര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ പോസ്റ്ററുകളും നോട്ടീസുകളും പതിപ്പിക്കുമ്പോള്‍ ജാഗ്രത പാലിക്കണം. ചിത്രങ്ങള്‍ നശിപ്പിക്കുകയോ ചുവരുകളില്‍ കേടുവരുത്തുകയോ ചെയ്യാത്ത വിധത്തില്‍ ആവണം പോളിംഗ് സ്റ്റേഷനുകളില്‍ അറിയിപ്പുകള്‍ പതിക്കേണ്ടത്. പോളിംഗ് ബൂത്തുകളിലെ ഫര്‍ണീച്ചറുകള്‍ ഒരു തരത്തിലും നശിപ്പിക്കുവാന്‍ പാടില്ല. പോളിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ വൈദ്യുത ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ആക്കിയെന്നും ടാപ്പുകള്‍ അടച്ചുവെന്നും ചുവരുകളില്‍ പതിച്ച അറിയിപ്പുകള്‍ നീക്കം ചെയ്തുവെന്നും ഉറപ്പാക്കണം.

ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണം

പോളിംഗ് സ്റ്റേഷനുകളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുള്ള മാലിന്യം ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചു നീക്കം ചെയ്തുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഉറപ്പാക്കണം.

ശൗചാലയങ്ങള്‍ പ്രത്യേകം ഒരുക്കണം

ഓരോ പോളിംഗ് ലൊക്കേഷനിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും മതിയായ എണ്ണം ശൗചാലയങ്ങള്‍ ഉണ്ടായിരിക്കണം. ആവശ്യത്തിന് ശൗചാലയങ്ങള്‍ ലഭ്യമല്ലെങ്കില്‍ താല്‍ക്കാലിക ക്രമീകരണം നടത്തണം. മുന്‍ കാലങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ശൗചാലയങ്ങളിലും മറ്റും പോകുമ്പോള്‍ സംഭവിച്ചിട്ടുള്ള അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ശൗചാലയങ്ങളുടെ പരിസരം കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കേണ്ടതും ആവശ്യത്തിന് പ്രകാശ സംവിധാനം ഒരുക്കേണ്ടതുമാണ്. മാത്രമല്ല മുകളിലത്തെ നിലയിലാണ് ശൗചാലയമെങ്കില്‍ പടിക്കെട്ടിന് കൈവരിയുണ്ടെന്ന് ഉറപ്പാക്കുകയും ഇല്ലാത്ത പക്ഷം താത്ക്കാലികമായി കൈവരി സ്ഥാപിക്കേണ്ടതാണ്.

കുട്ടികള്‍ക്കായി ക്രഷ് സംവിധാനം

നാലില്‍ കൂടുതല്‍ പോളിംഗ് സ്റ്റേഷനുകള്‍ സ്ഥിതി ചെയ്യുന്ന പോളിംഗ് ലൊക്കേഷനുകളില്‍ വോട്ടര്‍മാരെ അനുഗമിക്കുന്ന കുട്ടികള്‍ക്കായി ക്രെഷിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണം. കുട്ടികളെ പരിപാലിക്കുന്നതിനായി ഒരു ആയയെ അല്ലെങ്കില്‍ സന്നദ്ധപ്രവര്‍ത്തകയെ നിയോഗിക്കുകയും വേണം.

മുതിര്‍ന്നവര്‍ക്കും ഭിന്നശേഷി വിഭാഗക്കാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍

മുതിര്‍ന്ന സമ്മതിദായകര്‍ക്കും ഭിന്നശേഷി വിഭാഗത്തിലുള്ള വോട്ടര്‍മാര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ പോളിംഗ് സ്റ്റേഷനുകളില്‍ പ്രവേശിക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നുണ്ടെന്നും അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പോളിംഗ് സ്റ്റേഷനില്‍ ലഭ്യമാകുന്നുണ്ടെന്നും പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ ഉറപ്പാക്കണം. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഭിന്നശേഷി വോട്ടര്‍മാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സൗകര്യമൊരുക്കുന്നതിന് പരമാവധി 1:12 ചരിവുള്ള സ്ഥിരമായ റാംപ് ഉണ്ടാകണം. സ്ഥിരം റാംപ് സ്ഥാപിച്ചിട്ടില്ലാത്ത പോളിംഗ് സ്റ്റേഷനുകളില്‍ താത്കാലിക റാംപുകള്‍ സ്ഥാപിക്കണം. ഭിന്നശേഷി വോട്ടര്‍മാര്‍ക്ക് ആവശ്യമായ വീല്‍ ചെയറുകള്‍ പോളിംഗ് സ്റ്റേഷനുകളില്‍ ലഭ്യമാക്കുന്നതിന് സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് ക്രമീകരണം നടത്തണം. ഭിന്നശേഷി വോട്ടര്‍മാര്‍ക്കും ഗര്‍ഭിണികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഓരോ പോളിംഗ് സ്റ്റേഷനിലും മതിയായ കസേരകള്‍, ബെഞ്ചുകള്‍ നല്‍കണം.

കുടിവെള്ളം ഉറപ്പാക്കണം

സംസ്ഥാനത്തെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും കുടിവെള്ളം ഉറപ്പക്കേണ്ടതും വരി നില്‍ക്കുന്നിടത്ത് വെയില്‍ ഏല്‍ക്കാതെ നില്‍ക്കുവാനുള്ള സൗകര്യം ഒരുക്കുകയും വേണം. ശുദ്ധജലം നിറച്ച ഡിസ്പെന്‍സറും പരിസ്ഥിതി സൗഹൃദങ്ങളായ ഗ്ലാസുകളും പോളിംഗ് സ്റ്റേഷനില്‍ നിര്‍ബന്ധമായും ലഭ്യമാക്കണം.

വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കണം

എല്ലാ പോളിംഗ് സ്റ്റേഷന്‍ ലൊക്കേഷനുകളിലും വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യണം. കഴിയുന്നിടത്തോളം പോളിംഗ് സ്റ്റേഷനിലെ പ്രധാന കവാടത്തിന് അടുത്ത് തന്നെ വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്ത് ക്രമീകരിക്കണം.

നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകളില്‍ പ്രത്യേക സജ്ജീകരണങ്ങള്‍

നീണ്ട ക്യൂവിന് സാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകള്‍, പോളിംഗ് ലൊക്കേഷനുകള്‍ സെക്ടര്‍ ഓഫീസര്‍മാര്‍ തിരിച്ചറിയേണ്ടതും അത്തരം പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക തയ്യാറാക്കേണ്ടതുമാണ്. തിരഞ്ഞെടുപ്പ് ദിവസം വളരെ നീണ്ട ക്യൂ ഉള്ള പോളിംഗ് സ്റ്റേഷനുകളില്‍ സെക്ടര്‍ ഓഫീസര്‍മാര്‍ പ്രത്യേകം നല്‍കേണ്ടതാണ്. ക്യൂ നിയന്ത്രിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരെ ഏര്‍പ്പാടാക്കുക, ടോക്കണുകള്‍ വിതരണം ചെയ്യുക മുതലായ തിരക്ക് കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാവുന്നതാണ്. സെക്ടര്‍ ഓഫീസര്‍ക്ക് പോളിംഗ് സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുമ്പോള്‍ അത്തരം സാഹചര്യം വേഗത്തില്‍ തിരിച്ചറിയുന്നതിനും റിസര്‍വ് പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് റിട്ടേണിംഗ് ഓഫീസറുടെ സഹായം തേടാനും കഴിയണം. ഇതിനായി പോളിംഗ് സ്റ്റേഷനുകളില്‍ വിന്യസിക്കാന്‍ റിസര്‍വ് ജീവനക്കാരെയും വാഹനങ്ങളെയും വരണാധികാരി സജ്ജമാക്കിയിരിക്കണം.

KCN

more recommended stories