രാജസ്ഥാനോട് കോലിക്കലി, സെഞ്ചുറി, എന്നിട്ടും 200 കടന്നില്ല! പിടിച്ചുകെട്ടി ക്യാപ്റ്റന്‍ സഞ്ജു, ജയിക്കാന്‍ 184

ജയ്പൂര്‍: ഐപിഎല്‍ 2024ലെ ആദ്യ ‘റോയല്‍’ പോരില്‍ സെഞ്ചുറിയുമായി കിംഗ് കോലി കളംവാണെങ്കിലും 200 എത്താന്‍ സമ്മതിക്കാതെ രാജസ്ഥാന്‍ റോയല്‍സ്. സവായ് മാന്‍ സിംഗ് സ്റ്റേഡിയത്തിലെ അങ്കത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ആര്‍സിബി നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് എടുത്തത്. പേസര്‍മാര്‍ തുടക്കത്തിലെ അടി വാങ്ങിയപ്പോള്‍ സ്പിന്നര്‍മാരെ ഇറക്കിയുള്ള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ തന്ത്രമാണ് 200 അനായാസം കടക്കേണ്ടിയിരുന്ന ബെംഗളൂരുവിന് തടയിട്ടത്. എട്ടാം ഐപിഎല്‍ സെഞ്ചുറി നേടിയ കോലി 72 പന്തില്‍ 113* റണ്‍സുമായി പുറത്താവാതെ നിന്നു.

വിരാട് കോലി തുടക്കത്തിലെ തകര്‍ത്തടിച്ചപ്പോള്‍ ഗംഭീര തുടക്കമാണ് എതിരാളികളുടെ തട്ടകത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നേടിയത്. ട്രെന്‍ഡ് ബോള്‍ട്ടും നാന്ദ്രേ ബര്‍ഗറും പന്തെറിഞ്ഞ ആദ്യ നാലോവറില്‍ ആര്‍സിബി 42 റണ്‍സ് അടിച്ചു. ബര്‍ഗറിനെ രണ്ടോവറില്‍ 26 റണ്‍സിന് ശിക്ഷിച്ച് കോലിയും ഫാഫും നയം വ്യക്തമാക്കി. ഇതിന് ശേഷം അഞ്ചാം ഓവറില്‍ സ്പിന്നര്‍ ആര്‍ അശ്വിനെയും ആറാം ഓവറില്‍ പേസര്‍ ആവേഷ് ഖാനെയും രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പന്തെറിയാന്‍ വിളിച്ചപ്പോഴാണ് റണ്ണൊഴുക്ക് കുറഞ്ഞത്. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ബെംഗളൂരുവിന്റെ സ്‌കോര്‍ 53-0. ഈ സീസണില്‍ പവര്‍പ്ലേയില്‍ ആദ്യമായി ബോള്‍ട്ടിന് വിക്കറ്റൊന്നും ലഭിച്ചില്ല. അതേസമയം ഇതാദ്യമായാണ് ആര്‍സിബി ആദ്യ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താത്തത്.

ക്രീസിലുറച്ച വിരാട് കോലിയും ഫാഫ് ഡുപ്ലസിസും 12-ാം ഓവറിലെ രണ്ടാം പന്തില്‍ ബെംഗളൂരുവിനെ 100 കടത്തി. പിന്നാലെ ഫാഫിനെ പുറത്താക്കാനുള്ള നിസാര ക്യാച്ച് യൂസ്‌വേന്ദ്ര ചഹലിന്റെ പന്തില്‍ ട്രെന്‍ഡ് ബോള്‍ട്ട് കൈവിട്ടു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഫാഫിനെ ജോസ് ബട്‌ലറുടെ കൈകളിലാക്കി ചാഹല്‍ ആദ്യ ബ്രേക്ക് ത്രൂ ടീമിന് നല്‍കി. 33 പന്തില്‍ 44 റണ്‍സുമായി ഫാഫ് ഡുപ്ലസിസ് പുറത്താകുമ്പോള്‍ ആര്‍സിബി സ്‌കോര്‍ 14 ഓവറില്‍ 125-1. മൂന്നാമനായി ക്രീസിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (3 പന്തില്‍ 1) സ്റ്റംപ് പിഴുത് തൊട്ടടുത്ത ഓവറില്‍ ബര്‍ഗര്‍ ആദ്യ ഓവറുകളിലെ പ്രഹരത്തിന് പകരംവീട്ടി. ഇതിന് ശേഷം അരങ്ങേറ്റക്കാരന്‍ സൗരവ് ചൗഹാനെ (6 പന്തില്‍ 9) ചഹല്‍ മടക്കിയതും വഴിത്തിരിവായി. എങ്കിലും കോലി 67 ബോളില്‍ എട്ടാം ഐപിഎല്‍ സെഞ്ചുറിയിലെത്തി. 20 ഓവറും തീരുമ്പോള്‍ വിരാട് കോലിയും (72 പന്തില്‍ 113*), കാമറൂണ്‍ ഗ്രീനും (6 പന്തില്‍* 5) പുറത്താവാതെ നിന്നു.

KCN

more recommended stories