രാഹുല്‍ ഗാന്ധിക്കെതിരായ പിവി അന്‍വറിന്റെ അധിക്ഷേപം; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് എംഎം ഹസന്‍

 

തിരുവനന്തപുരം: രാഹുല്‍ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്‍. നെഹ്‌റു കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അന്‍വറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.വി അന്‍വര്‍ ഗോഡ്‌സെയുടെ പുതിയ അവതാരമാണെന്ന് എം.എം ഹസന്‍ ആരോപിച്ചു. ‘ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അന്‍വറിന്റെ വാക്കുകള്‍. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാന്‍ പാടില്ലാത്ത പരാമര്‍ശമാണ് അന്‍വര്‍ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അന്‍വര്‍ പ്രവര്‍ത്തിക്കുന്നത്. രാഹുല്‍ഗാന്ധിക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയന്‍, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അന്‍വറിനെക്കൊണ്ട് പറയിച്ചതാണെന്നും’ എം.എം ഹസന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം എടത്തനാട്ടുകര എല്‍ഡിഎഫ് ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗത്തിലാണ് പി.വി അന്‍വര്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്ത നാലാംകിട പൗരനായി രാഹുല്‍ മാറിയെന്നും രാഹുല്‍ ഗാഡിയുടെ ഡിഎന്‍എ പരിശോധിക്കണമെന്നുമാണ് അന്‍വര്‍ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞത്.

എന്നാല്‍ പറയുമ്പോള്‍ തിരിച്ചുകിട്ടും എന്ന് രാഹുലും ആലോചിക്കണമെന്നായിരുന്നു ഇതേക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഗൗരവമേറിയ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നില രാഹുല്‍ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തില്‍ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസ്സിലാകുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.

KCN

more recommended stories