മുസ്ലിം സംവരണത്തില്‍ പറഞ്ഞതിലുറച്ച് പ്രധാനമന്ത്രി

 

കോട്ട: മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട രാജസ്ഥാനിലെ വിവാദ പ്രസംഗത്തില്‍ താന്‍ പറഞ്ഞത് യഥാര്‍ത്ഥ്യമാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ റാലിയില്‍ ഇന്ന് പ്രസംഗിച്ചപ്പോഴാണ് തന്റെ പ്രസംഗത്തില്‍ മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയത്. രാജ്യത്ത് വിഭജനത്തിന് ശ്രമം നടക്കുന്നുവെന്നും വിഭജനം എക്കാലത്തും കോണ്‍ഗ്രസിന്റെ അജണ്ടയാണെന്നും കുറ്റപ്പെടുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

കോണ്‍ഗ്രസായിരുന്നു ഇപ്പോള്‍ രാജ്യം ഭരിച്ചിരുന്നതെങ്കില്‍ തീവ്രവാദം തഴച്ചു വളരുമായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരില്‍ കല്ലേറ് തുടരുമായിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകയില്‍ ഹനുമാന്‍ ചാലീസ ചൊല്ലിയതിന് പാവപ്പെട്ട കടക്കാരനെ മര്‍ദ്ദിച്ചവശനാക്കി. രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകാതിരിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിച്ചു. രാമനവമി ആഘോഷങ്ങള്‍ക്ക് പലയിടങ്ങളിലും തടസം ഉണ്ടാക്കാന്‍ നോക്കി. രാജസ്ഥാനില്‍ രാമനവമി ഘോഷയാത്ര തടസപ്പെടുത്തി. ഹനുമാന്‍ ചാലീസ ചൊല്ലാനും, രാമനവമി ആഘോഷിക്കാനുമുള്ള സ്വാതന്ത്ര്യം മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കോണ്‍ഗ്രസിനെയും, ഇന്ത്യ സഖ്യത്തെയും വിറളി പിടിപ്പിച്ചിരിക്കുകയാണ്. സത്യമാണ് താന്‍ പറഞ്ഞത്. യഥാര്‍ത്ഥ്യമാണ് പറഞ്ഞത്. കോണ്‍ഗ്രസിന്റെ ഹിഡന്‍ അജണ്ടയാണ് പുറത്ത് വിട്ടത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് തട്ടിയെടുക്കുക തന്നെ ചെയ്യും. പാവങ്ങളുടെ സമ്പത്തിന്റെ എക്‌സ് റേയെടുക്കും. പലവ്യഞ്ജന പെട്ടിയില്‍ പോലും കൈയിട്ട് വാരുമെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുസ്ലീംങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കുമെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞത് തന്നെയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുസ്ലീം സംവരണം കോണ്‍ഗ്രസിന്റെ പ്രഥമ പരിഗണന തന്നെയാണ്. എസ്സി – എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസ് തുല്യ പരിഗണന നല്‍കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വെറുതെ പറയുന്നതല്ല. മുസ്ലീംങ്ങള്‍ക്ക് അധിക സംവരണം നല്‍കാനുള്ള നീക്കം സുപ്രീം കോടതി ഇടപെടലിലാണ് തടയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories