എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ് മാധ്യമ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു: സമഗ്ര സംഭാവന പുരസ്കാരം – എം.ജി. രാധാകൃഷ്ണന്

കൊച്ചി: സിഒഎ (കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍) യുടെ ആഭിമുഖ്യത്തിലുള്ള എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ് നല്‍കിവരുന്ന ആറാമത് എന്‍.എച്ച്. അന്‍വര്‍ മാധ്യമപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ടെലിവിഷന്‍ മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരത്തിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് ചീഫ് എഡിറ്ററുമായിരുന്ന എം.ജി. രാധാകൃഷ്ണൻ അര്‍ഹനായി. 25,000 രൂപയും ശില്പവും ഫലകവുമാണ് പുരസ്കാരം.

സാറ്റലൈറ്റ് ചാനലുകളിലെ മികച്ച ന്യൂസ് സ്റ്റോറിക്കുള്ള പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ ശ്രാവണ്‍ കൃഷ്ണയ്ക്കാണ്. മനുഷ്യനും പ്രകൃതിയും തമ്മില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ‘മരിച്ച മണ്ണ്’ എന്ന പരമ്പരയാണ് ശ്രാവണ്‍ കൃഷ്ണയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
10,000 രൂപയും ശില്പവും ഫലകവുമാണ് പുരസ്കാരം.
ഇതേ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ ചീഫ് റിപ്പോര്‍ട്ടര്‍ സുഹൈല്‍ അഹമ്മദ് തയ്യാറാക്കിയ ‘കാട് മുടിക്കുന്ന കൊന്ന’ എന്ന പരമ്പര പ്രത്യേക ജൂറി പരാമര്‍ശം നേടി.

കേബിള്‍ ടിവി ചാനലുകൾക്കുളള അവാർഡ് – മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്കാരം ദൃശ്യ ന്യൂസിലെ ജോജു ജോസഫ് തയ്യാറാക്കിയ ‘ജീവിതം നൂല്‍പ്പാലത്തിലൂടെ’ എന്ന റിപ്പോര്‍ട്ടിനാണ് പുരസ്കാരം.
മികച്ച വിഷ്വല്‍ എഡിറ്റര്‍ക്കുള്ള പുരസ്കാരത്തിന് വയനാട് വിഷന്‍ ചാനലിലെ പ്രശോഭ് ജയകുമാര്‍ അര്‍ഹനായി. ‘ഗന്ധകശാലയുടെ മണമുള്ള നാട്ടിലേക്ക് ഒരു യാത്ര’ എന്ന പ്രോഗ്രാമിന്‍റെ ചിത്രസംയോജന മികവിനാണ് പുരസ്കാരം.

മികച്ച ക്യാമറ പേഴ്സണുള്ള പുരസ്കാരത്തിന് ഷീലറ്റ് സിജോ അര്‍ഹനായി. വയനാട് വിഷനിൽ ടെലികാസ്റ്റ് ചെയ്ത ‘കോഴിയങ്കത്തിന്‍റെ ഉള്ളറകള്‍’ എന്ന പ്രോഗ്രാമിലെ ഛായാഗ്രഹണ ചാരുതയ്ക്കാണ് പുരസ്കാരം.

മാധ്യമപ്രവര്‍ത്തകരായ കൃഷ്ണദാസ് പുലാപ്പറ്റ, എം.എസ്. ബനേഷ്, എന്‍. ഇ ഹരികുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ നിര്‍ണ്ണയിച്ചത്. പുരസ്കാരങ്ങള്‍ മേയ് 07ന് 3 മണിക്ക് എറണാകുളം ടൗൺ ഹാളില്‍ നടക്കുന്ന എൻ.എച്ച്. അൻവർ അനുസ്മരണ പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരൻ എൻ.എസ്. മാധവൻ വിതരണം ചെയ്യും.

സുരേഷ് പി.ബി.
ജനറല്‍ സെക്രട്ടറി
(COA)

അഡ്വ. എസ്.കെ അബ്ദുള്ള
ചെയര്‍മാന്‍
(എന്‍.എച്ച്. അന്‍വര്‍ ട്രസ്റ്റ്)
വിജയകൃഷ്ണൻ.കെ
(മാനേജിംഗ് ട്രസ്റ്റി, എൻ.എച്ച്. അൻവർ ട്രസ്റ്റ്)

KCN

more recommended stories