കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് തിരികെ കിട്ടാന്‍ തെരഞ്ഞെടുപ്പ് ഫലമറിയണം: എഐസിസി വൃത്തങ്ങള്‍

 

ദില്ലി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്റെ മടങ്ങിവരവ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമേ തീരുമാനിക്കൂവെന്ന് എഐസിസി വൃത്തങ്ങള്‍. തെരഞ്ഞെടുപ്പ് ഫലം കൂടി നോക്കിയ ശേഷമാകും തീരുമാനം. എഐസിസി നിര്‍ദ്ദേശിച്ചെങ്കില്‍ മാത്രമേ കെ സുധാകരന് മടങ്ങി വരാനാകൂയെന്നും നേതാക്കള്‍ വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലവും കണ്ണൂരിലെ തെരഞ്ഞെടുപ്പ് ഫലവും പരിഗണിച്ചാവും തീരുമാനം. കണ്ണൂരില്‍ പരാജയപ്പെടുകയോ, മുന്നണിക്ക് കേരളത്തില്‍ മുന്നേറ്റം തുടരാനാകാതെ വരികയോ ചെയ്താല്‍ കെ സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടമാകുന്ന സ്ഥിതിയുണ്ടാകുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കണ്ണൂര്‍ മണ്ഡലത്തില്‍ കെ സുധാകരനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എഐസിസി തീരുമാനം വരുന്നത് വരെ നിലവിലെ സ്ഥിതി തുടരും. എംഎം ഹസ്സനാണ് നിലവില്‍ കെപിസിസി ആക്ടിങ് പ്രസിഡന്റ്. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകരനും തമ്മിലുണ്ടായ ഭിന്നതയും ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് കാരണമാണെന്ന് കരുതുന്നുണ്ട്. സുധാകരനുമായി ബന്ധപ്പെട്ട് കെപിസിസി ഫണ്ട് വിതരണ വിഷയത്തില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളും എഐസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.

KCN

more recommended stories