മധുരമൂറും മുന്തിരിയുമായി മാധവന്‍. മുന്‍ പ്രവാസിയും പൊതുപ്രവര്‍ത്തകനുമായ രാമഗിരിയിലെ ബി. മാധവനാണ് മുന്തിരി കൃഷിയില്‍ വിജയഗാഥ രചിച്ചത്.

രാവണേശ്വരം: മുന്‍ പ്രവാസിയും,വ്യാപാരിയും പൊതുപ്രവര്‍ത്തകനുമായ രാമഗിരിയിലെ ബി. മാധവന്‍ തന്റെ പുരയിടത്തിലെ കൃഷിയിടത്തില്‍ മറ്റ് കൃഷികളോടൊപ്പം നട്ടുവളര്‍ത്തിയ മുന്തിരി കായ്ഫലമണിഞ്ഞ് നില്‍ക്കുന്നതു കാണാന്‍ ഏറെ ഭംഗിയാണ്. മുന്തിരി വള്ളികളില്‍ തൂങ്ങി നില്‍ക്കുന്ന മുന്തിരി കുലകള്‍ ഒരു കാഴ്ചക്കാരന് നായനാന്തകരമായ ഭംഗിയാണ് നല്‍കുന്നത്. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും വാങ്ങിയ മുന്തിരി തൈകള്‍ ഉപയോഗിച്ചാണ് മാധവന്‍ തന്റെ കൃഷിയിടത്തില്‍ മുന്തിരി കൃഷി ആരംഭിച്ചത്. തികച്ചും ജൈവ രീതിയില്‍ കൃഷി ചെയ്ത് ഒരു വര്‍ഷത്തിനുശേഷം മുന്തിരി കുലകള്‍ വിളഞ്ഞു നില്‍ക്കുമ്പോള്‍ അത് ഏറെ സന്തോഷം നല്‍കുന്നു എന്ന് മാധവന്‍ പറയുന്നു. മറ്റ് മുന്തിരികളില്‍ നിന്നും വ്യത്യസ്തമായി നല്ല മധുരവും ഈ മുന്തിരിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൃഷിയിടത്തില്‍ മയിലിന്റെയും മറ്റ് ജീവജാലങ്ങകളുടെയും ശല്യം കാരണം മുന്തിരിക്കുലകള്‍ പ്ലാസ്റ്റിക് കൂടുകൊണ്ട് മറച്ച് സംരക്ഷിക്കുകയാണ് മാധവന്‍ ചെയ്യുന്നത്. കൃഷിക്ക് കൂട്ടായി മാധവനോടൊപ്പം ഭാര്യ പി. സുധയും എല്ലാ പ്രോത്സാഹനവുമായി രംഗത്തുണ്ട്. മറ്റ് വിളകളായ വാഴ, തെങ്ങ്, കുരുമുളക് മഞ്ഞള്‍, പച്ചക്കറികള്‍ പഴവര്‍ഗ്ഗങ്ങള്‍, പൈനാപ്പിള്‍, സപ്പോട്ട, മാവ്, എന്നിവയും മാധവന്റെ കൃഷിയിടത്തില്‍ ഉണ്ട്. കാശ്മീരി മുളകും പച്ചമുളകിന്റെ വിവിധ തരങ്ങളും മാധവന്‍ കൃഷി ചെയ്യുന്നുണ്ട്. കൂടാതെ പശു പരിപാലനവും മാധവനും സഹധര്‍മി ണിയായ സുധയും ചെയ്യുന്നതു കൊണ്ട് വിളകള്‍ക്ക് ആവശ്യമായ ചാണക വളവും ഇതില്‍നിന്ന് ലഭിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് അന്യസംസ്ഥാനങ്ങളില്‍ വിളയുന്ന വിളകള്‍ കൃഷി ചെയ്ത് മാധവന്‍ വിജയം കൊയ്തിട്ടുണ്ട്. സ്വന്തം പാടത്ത് നെല്‍കൃഷിയിലൂടെ തങ്ങള്‍ക്ക് ഭക്ഷണത്തിന് ആവശ്യമായ അരിയും മാധവന്‍ ഉത്പാദിപ്പിക്കുന്നു. അജാനൂര്‍ കൃഷിഭവന്റെ മികച്ച സഹകരണവും മാധവന്റെ കൃഷിക്ക് ലഭിക്കുന്നു. കിണര്‍ ചാര്‍ജിങ്ങിന് തന്റേതായ ശൈലിയും മാധവന്‍ വീട്ടില്‍ തീര്‍ത്തിട്ടുണ്ട്. മഴപെയ്യുമ്പോള്‍ വീട്ടിലെ ടെറസില്‍ ലഭിക്കുന്ന മഴ പൈപ്പ് ഉപയോഗിച്ച് കിണറിനടുത്ത് പ്രത്യേകം ബാരലില്‍ ജില്ലി, പൂഴി, തുടങ്ങിയവ ഉപയോഗിച്ച് റീചാര്‍ജിങ് യൂണിറ്റൊരുക്കി ജല സംരക്ഷണവും മാധവന്‍ ചെയ്തു പോരുന്നു. രാമഗിരി തെക്കേ പള്ളത്ത് താന്‍ തുടങ്ങിയ റൈസ് ആന്‍ഡ് ഫ്‌ലോര്‍ മില്ലില്‍ വിവിധതരത്തിലുള്ള പൊടികളും വെളിച്ചെണ്ണയും മാധവന്‍ ഉത്പാദിപ്പിച്ചിരുന്നു. ഇപ്പോള്‍ ഭാര്യ പി. സുധയുടെ നേതൃത്വത്തില്‍ മാതൃക റൈസ് ആന്‍ഡ് ഫ്‌ലോര്‍മില്‍ എന്ന പേരില്‍ കുടുംബശ്രീയാണ് ആ മില്‍ നടത്തിക്കൊണ്ടുപോകുന്നത്. ഈ മില്ലില്‍ ഉത്പാദിപ്പിക്കുന്ന അ ജാനൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ മാതൃക വെളിച്ചെണ്ണയും മറ്റ് വിവിധതരം പൊടികളും വിപണിയില്‍ ഏറെ പ്രിയം നേടിയിട്ടുണ്ട്. കൃഷിയോടൊപ്പം പൊതുപ്രവര്‍ത്തന രംഗത്തും സക്രിയനാണ് ബി.മാധവന്‍. മുന്‍ പ്രവാസിയായ മാധവന്‍ സി.പി.എം തെക്കേപള്ളം ബ്രാഞ്ച് സെക്രട്ടറി, കര്‍ഷകസംഘം ചിത്താരി വില്ലേജ് പ്രസിഡണ്ട്, വ്യാപാരി വ്യവസായി സമിതി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം, കൊട്ടിലങ്ങാട് പാടശേഖര സമിതി സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു. രാവണേശ്വരം സാമൂഹ്യ വികസന കലാകേന്ദ്രം രാമഗിരിയുടെ ആദ്യ കാല ഭാരവാഹിയും ചിത്താരി ബാങ്ക് മുന്‍ ഡയറക്ടറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ പി. സുധയോടൊപ്പം രാമഗിരി തെക്കേ പള്ളത്ത് താമസിക്കുന്ന മാധവന്റെ രണ്ട് ആണ്‍മക്കള്‍ എന്‍ജിനീയര്‍മാരായി ജോലി ചെയ്യുന്നു.

KCN

more recommended stories