കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തി കെ സുധാകരന്‍; ചടങ്ങില്‍ നിന്ന് വിട്ടു നിന്ന് എംഎം ഹസന്‍

 

തിരുവനന്തപുരം:വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തി കെ.സുധാകരന്‍. ഇന്ദിരാഭവനിലെ ചുതലയേല്‍ക്കല്‍ ചടങ്ങില്‍ ആക്ടിംഗ് പ്രസിഡണ്ട് എംഎം ഹസന്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തില്ല. ഹസ്സനെടുത്ത ചില തീരുമാനങ്ങള്‍ റദ്ദാക്കുമെന്ന് സുധാകരന്‍ സൂചിപ്പിച്ചു. കസേരയില്‍ നിന്ന് അങ്ങനെയൊന്നും തന്നെ ഇറക്കാനാകില്ലെന്ന് സുധാകരന്‍ പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഒഴിഞ്ഞ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനുള്ള വഴികള്‍ കെ സുധാകരന് എളുപ്പമായിരുന്നില്ല. തെരഞ്ഞെടുപ്പ് തീര്‍ന്നപ്പോള്‍ സ്വാഭാവികമായി കിട്ടേണ്ട പദവിക്കെതിരെ സംസ്ഥാനത്തു നിന്നും ശക്തമായ എതിര്‍പ്പാണ് ഉണ്ടായിരുന്നത്.

ഫലം വരട്ടെയെന്ന് ആദ്യം നിലപാടെടുത്ത ഹൈക്കമാന്‍ഡ് കെ സുധാകരന്റെ സമ്മര്‍ദത്തോടെ മാറി ചിന്തിക്കുകയായിരുന്നു. കടുത്ത നിലപാടിലേക്ക് പോകേണ്ടിവരുമെന്ന് സുധാകരന്‍ അറിയിച്ചതോടെയാണ് ചുമതല ഏല്‍ക്കാന്‍ ദില്ലിയുടെ അനുമതി കിട്ടിയത്. ഇന്ദിരാഭവനില്‍ വീണ്ടുമെത്തുമ്പോള്‍ ആക്ടിംഗ് പ്രസിഡണ്ട് ഹസന്‍ അടക്കമുള്ള പ്രമുഖ നേതാക്കളില്ല. പദവി തിരിച്ചുനല്‍കല്‍ ഔദ്യോഗിക ചടങ്ങല്ലെന്നാണ് നേതാക്കളുടെ വിശദീകരണമെങ്കിലും വിട്ടുനില്‍ക്കലിന് കാരണം അതൃുപ്തി തന്നെയാണെന്നാണ് അണിയറ സംസാരം.

ഹസ്സന്‍ ഇരുന്ന കസേരയുടെ സ്ഥാനം മാറ്റിയിട്ടാണ് കെ സുധാകരന്‍ ചുമതലയേറ്റെടുത്തത്. ഒന്ന് മാറിനിന്നപ്പോള്‍ കസേര വലിക്കാന്‍ ശ്രമമുണ്ടായോ എന്ന ചോദ്യത്തിന് കസേരിയില്‍ നിന്ന് അങ്ങനെയൊന്നും തന്നെ ഇറക്കാനാകില്ലെന്നായിരുന്നു സുധാകരന്റെ മറുപടി.മുന്‍ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിനെ തിരിച്ചെടുത്തതടക്കം ഹസന്‍ പ്രസിഡന്റായിരിക്കെ കൈക്കൊണ്ട പല തീരുമാനങ്ങളും റദ്ദാക്കുമെന്ന് സൂചിപ്പിച്ച് സുധാകരന്‍. രാവിലെ എകെ ആന്റണിയെ വീട്ടിലെത്തി കണ്ടാണ് സുധാകരന്‍ കെപിസിസിയിലെത്തിയത്. പ്രവര്‍ത്തനം പോരെന്ന് പറഞ്ഞ് വെട്ടാന്‍ കാത്തിരിക്കുന്ന നേതാക്കള്‍ ഒരുവശത്തിരിക്കെ മുന്നോട്ട് പോക്ക് സുധാകരന് മുന്നിലെ വെല്ലുവിളിയാണ്. തെര്‌ഞെടുപ്പ് ഫലത്തെ ആശ്രയിച്ച് വീണ്ടും പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയേറെയാണ്.

KCN

more recommended stories