ഹരിയാനയില്‍ നാടകീയ നീക്കങ്ങള്‍; ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്ത് ജെജെപി

 

ദില്ലി: ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനംചെയ്ത് ജെജെപി. തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും ജെജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. അതേസമയം എംഎല്‍എമാരില്‍ പലരും തങ്ങളോടൊപ്പം ഉണ്ടെന്നും ഒരു ആശങ്കയില്ലെന്നും മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ നാടകീയ നീക്കങ്ങള്‍ക്കാണ് ഹരിയാന സാക്ഷ്യം വഹിക്കുന്നത്.

ഇന്നലെ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്നതിന് പിന്നാലെ ജന്‍നായക് ജനത പാര്‍ട്ടി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. സര്‍ക്കാരിനെ താഴെ ഇറക്കാനാണ് പ്രതിപക്ഷ നേതാവ് ഭൂപിന്ദര്‍ സിങ് ഹൂഡ ശ്രമിക്കുന്നതെങ്കില്‍ അതിന് എല്ലാ പിന്തുണയും നല്‍കാന്‍ തയ്യാറാണ്. പിന്തുണ സ്വീകരിക്കണമോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണമെന്നും ദുഷ്യന്ത് ചൗട്ടാല പറഞ്ഞു.
പിന്തുണ സ്വീകരിക്കുമോയെന്ന കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടില്ല. സര്‍ക്കാരിന് തുടരാന്‍ ധാര്‍മികമായ അവകാശമില്ലെന്ന് കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ദില്ലിയില്‍ പ്രതികരിച്ചു. മൂന്ന് സ്വതന്ത്രര്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ സാങ്കേതികമായി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. എന്നാല്‍ മാര്‍ച്ചില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നപ്പോള്‍ ജെജെപി വിമതര്‍ ബിജെപിയെ പിന്തുണച്ചിരുന്നു. ഇതു തുടരുമെന്നാണ് ബിജെപി പ്രതീക്ഷ . മറ്റ് ചില എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ഇന്ന് മുന്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറും അവകാശപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിന് കുറച്ച് മാസങ്ങള്‍ മാത്രമുള്ളതിനാല്‍ അവിശ്വാസ വോട്ടെടുപ്പിന് പ്രസ്‌കതിയില്ലെന്നാണ് ഹരിയാനയിലെ സ്പീക്കറുടെ നിലപാട്.

KCN

more recommended stories