എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ്

 

തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടി തുടങ്ങി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് 90ലധികം വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ജൂനിയര്‍ ക്രൂ ജീവനക്കാരും അവധിയിലാണ്. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ന്യായമായ കാരണമില്ലാതെയാണ് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നും നൂറിലധികം പേരുടെ മെഡിക്കല്‍ ലീവിന് പിന്നില്‍ കൂട്ടായ തീരുമാനം ഉണ്ടെന്നും പിരിച്ചുവിടല്‍ നോട്ടീസില്‍ കമ്പനി ചൂണ്ടിക്കാണിക്കുന്നു. ഇന്ന് വൈകിട്ട് നാലിന് ചര്‍ച്ച നടക്കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് തൊഴിലാളി സമരത്തെ തുടര്‍ന്ന് കണ്ണൂരില്‍ ഇന്ന് ഇതുവരെ നാല് സര്‍വീസുകള്‍ റദാക്കി. 4.20ന്റെ ഷാര്‍ജ വിമാനം അവസാന നിമിഷം റദ്ദാക്കിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു. കൂടാതെ കണ്ണൂരിലും കരിപ്പൂരും തിരുവനന്തപുരത്തും എയര്‍ ഇന്ത്യ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. കരിപ്പൂരില്‍ അല്‍ ഐന്‍, ജിദ്ദ , ദോഹ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. 8.30 ന് പുറപ്പെടേണ്ട തിരുവനന്തപുരം – മസ്‌ക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് റദ്ദാക്കി.

അതേ സമയം, എയര്‍ ഇന്ത്യയില്‍ ഒരു വിഭാഗം സീനിയര്‍ ക്യാബിന്‍ ക്രൂ അംഗങ്ങള്‍ നടത്തുന്ന സമരം നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഇന്ന് കാര്യമായി ബാധിച്ചിട്ടില്ല. വൈകിട്ട് 3 ന് കൊല്‍ക്കത്തയിലേക്കുള്ള ഒരു ആഭ്യന്തര സര്‍വീസ് മാത്രമാണ് ഇന്ന് ഇതുവരെ എയര്‍ ഇന്ത്യ ക്യാന്‍സല്‍ ചെയ്തിട്ടുള്ളത്.

KCN

more recommended stories