എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമരം: ദില്ലിയില്‍ അധികൃതരെയും ജീവനക്കാരെയും ചര്‍ച്ചക്ക് വിളിച്ച് കേന്ദ്രസര്‍ക്കാര്‍

 

ഇന്നലെ 90 ലധികം ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് റദ്ദാക്കേണ്ടിവന്നത്.

ദില്ലി: എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് അധികൃതരെയും ജീവനക്കാരെയും ദില്ലിയില്‍ ചര്‍ച്ചക്ക് വിളിച്ച് കേന്ദ്ര സര്‍ക്കാര്‍. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് നിരവധി വിമാന സര്‍വീസുകളാണ് ഇന്നലെയും ഇന്നുമായി റദ്ദാക്കിയത്. യാത്രക്കായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മിക്കവരും സര്‍വീസ് റദ്ദാക്കിയ വിവരം അറിഞ്ഞത്. പലയിടത്തും ഇത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് അവധിയെടുത്ത ജീവനക്കാര്‍ക്കെതിരെ കമ്പനി കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. 30 ജീവനക്കാര്‍ക്കാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. 76 വിമാന സര്‍വീസുകള്‍ ഇന്ന് തടസ്സപ്പെട്ടേക്കുമെന്ന് അറിയിപ്പുണ്ട്. ഇന്നലെ 90 ലധികം ആഭ്യന്തര അന്താരാഷ്ട്ര വിമാന സര്‍വീസുകളാണ് മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് റദ്ദാക്കേണ്ടിവന്നത്. ജീവനക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്പനി എംഡി അലോക് സിങ് ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്. നൂറിലധികം സീനിയര്‍ ക്രൂ അംഗങ്ങളാണ് ഇന്നലെ കൂട്ട അവധി എടുത്തത്. വിഷയത്തില്‍ ഇടപെട്ട വ്യോമയാന അതോറിറ്റി കമ്പനിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

KCN

more recommended stories