അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് നിര്യാതനായി

അബുദാബി: അബുദാബി രാജകുടുംബാംഗം ശൈഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് നിര്യാതനായി. 2019ല്‍ അന്തരിച്ച യുഎഇ മുന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മകനാണ് ശൈഖ് ഹസ്സ. അദ്ദേഹത്തിന്റെ വിയോഗത്തില്‍ യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് അനുശോചനം രേഖപ്പെടുത്തി.

വ്യാഴാഴ്ച അബുദാബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് ഫസ്റ്റ് മസ്ജിദില്‍ മരണാനന്തര നമസ്‌കാരം നിര്‍വഹിച്ച ശേഷം അല്‍ ബത്തീന്‍ ഖബര്‍ സ്ഥാനില്‍ ഖബറടക്കി. രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നിരവധി പൊതുജനങ്ങളും മയ്യിത്ത് നമസ്‌കാരത്തിലും ഖബറടക്കത്തിലും പങ്കെടുത്തു. യുഎഇ രാഷ്ട്ര നേതാക്കള്‍ പങ്കെടുത്ത നിരവധി ചടങ്ങുകളില്‍ അടുത്തിടെ ശൈഖ് ഹസ്സയും പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദും സോഷ്യല്‍ മീഡിയയിലൂടെ അനുശോചനം അറിയിച്ചു.
അബുദാബി ഭരണാധികാരിയുടെ എല്‍ ഐന്‍ മേഖലാ പ്രതിനിധിയും ഇപ്പോഴത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ അമ്മാവനുമാണ് ശൈഖ് തഹ്‌നൂന്‍ കഴിഞ്ഞയാഴ്ച അന്തരിച്ചിരുന്നു. തുടര്‍ന്ന് യുഎഇയില്‍ മേയ് ഒന്ന് ബുധനാഴ്ച മുതല്‍ ഏഴ് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം നിലവിലുണ്ടായിരുന്നു.

KCN