സമരം ഒത്തുതീര്‍പ്പിലെത്തിയിട്ടും രക്ഷയില്ല: കണ്ണൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കി

 

കണ്ണൂര്‍: സമരം ഒത്തുതീര്‍ത്തിട്ടും രക്ഷയില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കണ്ണൂരില്‍ നിന്നുള്ള വിമാനം റദ്ദാക്കി. പുലര്‍ച്ചെ 5.15ന് കണ്ണൂരില്‍ നിന്ന് ദമാമിലേക്ക് പോകേണ്ട IX371 വിമാനമാണ് റദ്ദാക്കിയത്. പുറപ്പെടാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് വന്നത്. വിമാനം സര്‍വീസ് നടത്തുമെന്ന പ്രതീക്ഷയില്‍ യാത്രക്കുള്ള ഒരുക്കം നടത്തിയ യാത്രക്കാരെയാണ് വിമാനം റദ്ദാക്കിയ നടപടി വലച്ചത്.

സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. കരിപ്പൂരില്‍ നിന്നുള്ള ആറും കണ്ണൂരില്‍ നിന്നുള്ള അഞ്ചും നെടുമ്പാശേരിയില്‍ നിന്ന് രണ്ടും സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയിരുന്നു. കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ ദമാമിലേക്കും മസ്‌കറ്റിലേക്കുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ യാത്ര പുറപ്പെട്ടെങ്കിലും മറ്റ് ആറ് സര്‍വീസുകള്‍ റദ്ദാക്കുകയായിരുന്നു.
റാസല്‍ഖൈമ, ദുബൈ, കുവൈറ്റ്, ദോഹ, ബഹറൈന്‍, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. രാവിലെ എട്ട് മുതല്‍ 10.10വരെയുള്ള സമയത്തായിരുന്നു ഈ സര്‍വീസുകള്‍. ഇന്ന് പുലര്‍ച്ചെ മുതലുള്ള അഞ്ച് സര്‍വീസുകളാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ റദ്ദാക്കിയത്. ഷാര്‍ജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദാക്കിയത്. നാലായിരത്തോളം പേരുടെ യാത്രയാണ് കണ്ണൂരില്‍ മാത്രം ജീവനക്കാരുടെ സമരം കാരണം മുടങ്ങിയത്.

നെടുമ്പാശേരിയില്‍ നിന്ന് രാവിലെ 8.35 ന് ദമാമിലേക്കും 8.50ന് മസ്‌കറ്റിലേക്കുള്ള രണ്ട് വിമാനങ്ങളാണ് യാത്ര റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് വിവരം നേരത്തെ കൈമാറിയിരുന്നതിനാല്‍ ആരും വിമാനത്താവളത്തിലെത്തിയില്ല. സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ ഗതിയിലാകാന്‍ തിങ്കളാഴ്ചയാകുമെന്നാണ് വിവരം. സമരം മൂലം വിമാനത്താവളങ്ങള്‍ക്ക് കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്.

KCN

more recommended stories