ഡ്രൈവിംഗ് സ്‌കൂള്‍ സമരം: 13 ദിവസത്തിനു ശേഷം സര്‍ക്കാര്‍ അയഞ്ഞു, സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു

 

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരത്തിനെതിരായ കടുത്ത നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട്. സമരക്കാരെ 13 ദിവസത്തെ സമരത്തിന് ശേഷം സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഗതാഗത മന്ത്രിയാണ് എല്ലാ സംഘടനകളുടെയും ഭാരവാഹികളുമായി ചര്‍ച്ച നടത്തുക.

ഈ മാസം 23 ന് സിഐടിയുവുമായി ചര്‍ച്ച നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. ഇത് മാറ്റിയാണ് നാളെ മൂന്ന് മണിക്ക് എല്ലാ സംഘടനാ നേതാക്കളുമായും ചര്‍ച്ച ചെയ്യാനുള്ള തീരുമാനം. മന്ത്രി ചര്‍ച്ച നടത്തുമെന്ന ഉറപ്പിലാണ് നേരത്തെ സമരത്തില്‍ നിന്ന് സിഐടിയു പിന്നോട്ട് പോയത്. എന്നാല്‍ ഈ ഉറപ്പില്‍ വിശ്വാസമര്‍പ്പിക്കാതെ മറ്റ് സംഘടനകള്‍ സമരവുമായി മുന്നോട്ട് പോവുകയായിരുന്നു.

പരിഷ്‌കരണം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്‌കൂളുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി 21 ന് പരിഗണിക്കുന്നുണ്ട്. ഈ വിധിയും നിര്‍ണായകമാകും. ഇതു വരുന്നത് വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകാനാണ് സമരസമിതിയുടെ തീരുമാനം. ഇന്തോനേഷ്യയിലായിരുന്ന മന്ത്രി മടങ്ങിയെത്തിയ സാഹചര്യത്തിലാണ് നാളെ ചര്‍ച്ച വിളിച്ചിരിക്കുന്നത്.

പുതിയ പരിഷ്‌ക്കരണം പൂര്‍ണമായും പിന്‍വലിക്കണെമെന്നാണ് ഐഎന്‍ടിയുസിുടെയും സ്വതന്ത്ര സംഘടനകളുടേയും നിലപാട് . ഇക്കാര്യം നാളെ മന്ത്രിക്ക് മുന്നില്‍ ഉന്നയിക്കും. നിലവിലെ പരിഷ്‌ക്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുള്ള മന്ത്രി എന്ത് സമീപനം സ്വീകരിക്കുമെന്നതും ശ്രദ്ധേയം. അതേ സമയം ഇന്ന് പല സ്ഥലങ്ങളിലും പൊലീസ് കാവലില്‍ ടെസ്റ്റുകള്‍ നടന്നു. തിരുവനന്തപുരം മുട്ടത്തറയിലെ സമര പന്തല്‍ പൊളിച്ചു മാറ്റി. എങ്കിലും സമരക്കാര്‍ തുടരുകയാണ്. ഇന്നലെ മുട്ടത്തറയില്‍ ടെസ്റ്റിന് എത്തിയ യുവതിയെ അസഭ്യം പറഞ്ഞതിന് സമരക്കാര്‍ക്കെ തിരെ വലിയതുറ പൊലീസ് കേസെടുത്തു.

KCN

more recommended stories