അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു

 

പെരിയ: വിരമിക്കുന്ന അധ്യാപികക്ക് അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ച് യാത്രയയപ്പ് നല്‍കി കേരള കേന്ദ്ര സര്‍വകലാശാലയിലെ മാത്തമാറ്റിക്സ് വിഭാഗം. പ്രൊഫ. കെ.എ. ജര്‍മ്മിനയുടെ യാത്രയയപ്പാണ് സെമിനാര്‍ നടത്തി വിദ്യാര്‍ത്ഥികളും അധ്യാപകരും അവിസ്മരണീയമാക്കിയത്. പ്രൊഫ. ജര്‍മ്മിനയുടെ കീഴില്‍ ഗവേഷണം പൂര്‍ത്തിയാക്കിയവരുടെ സജീവ പങ്കാളിത്തവും പരിപാടിക്ക് ഉണ്ടായിരുന്നു. കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് പുറമെ എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വ്വകലാശാലകള്‍ക്ക് കീഴിലും പ്രൊഫ. ജര്‍മ്മിന അധ്യാപികയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇക്കാലയളവിലുള്‍പ്പെടെ 22 പേരാണ് പ്രൊഫ. ജര്‍മ്മിനയുടെ കീഴില്‍ ഗവേഷണം പൂര്‍ത്തിയാക്കിയത്. ഗവേഷണ കാലത്തെ അനുഭവങ്ങളും ഇവര്‍ പങ്കുവെച്ചു. റീസന്റ് റിസര്‍ച്ച് ഏരിയാസ് ഇന്‍ ഗ്രാഫ് തിയറി എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. എക്സിക്യുട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. ജോസഫ് കോയിപ്പള്ളി അധ്യക്ഷത വഹിച്ചു. പരീക്ഷാ കണ്‍ട്രോളര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, ഡോ. സുദേവ് എന്‍, സിസ്റ്റര്‍ ട്രീസ പാലക്കല്‍ തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ഡോ. ഷാഹുല്‍ ഹമീദ് സ്വാഗതവും ഡോ. വിജി പോള്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories