198 കമ്പനികളിലായി 4500ല്‍ അധികം പ്ലേസ്‌മെന്റ്; പോളിടെക്‌നിക് കോളേജുകളിലെ നേട്ടം പങ്കുവെച്ച് മന്ത്രി ആര്‍ ബിന്ദു

 

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്‌നിക് കോളജുകളില്‍ 2023-24 വര്‍ഷത്തില്‍ റെക്കോര്‍ഡ് പ്ലേസ്‌മെന്റ് നടന്നതിന്റെ സന്തോഷം പങ്കുവെച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കേരളത്തിനും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അഭിമാനിക്കാവുന്ന നേട്ടമാണിത്. ഏകദേശം 198 കമ്പനികളിലായി 4500ല്‍ അധികം പ്ലേസ്‌മെന്റാണ് ഡിപ്ലോമ എന്‍ജിനീയര്‍മാര്‍ നേടിയത്.

2023-24 വര്‍ഷത്തില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ രൂപീകരിച്ച സ്റ്റേറ്റ് പ്ലേസ്‌മെന്റ് സെല്‍ സംവിധാനത്തിനു കീഴിലാണ് വിവിധ വ്യവസായ സ്ഥാപനങ്ങള്‍ കേരളത്തിലെ പോളിടെക്‌നിക് കോളേജുകളില്‍ ക്യാമ്പസ് പ്ലേസ്മെന്റ്സ് നടത്തിയത്. മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തിയ പ്ലേസ്‌മെന്റില്‍ 1.8 ലക്ഷം മുതല്‍ 13.5 ലക്ഷം രൂപവരെയുള്ള ഓഫറുകളാണ് ഇവര്‍ക്ക് ലഭിച്ചത്.

സ്റ്റേറ്റ് പ്ലേസ്‌മെന്റ് സെല്ലിന് കീഴില്‍ നാല് റീജിയണല്‍ പ്ലേസ്‌മെന്റ് സെല്ലുകള്‍ രൂപികരിച്ച് വിവിധ കമ്പനികളെ ക്ഷണിച്ച് യോഗ്യരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കുവാന്‍ അവസരം നല്‍കിയാണ് പ്ലേസ്‌മെന്റ് നടന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും തൊഴിലധിഷ്ഠിത സാങ്കേതികപഠനത്തിനും പ്രത്യേക പരിഗണന നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍, സാങ്കേതിക കലാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ അതീവശ്രദ്ധയാണ് നല്‍കിവരുന്നത്.

ഉന്നതവിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നൈപുണ്യവുമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുകയെന്നതില്‍ സര്‍ക്കാര്‍ നല്‍കുന്ന ഊന്നലാണ് ഈ ഗുണഫലം സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി സംസ്ഥാനത്തെ സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലും ഉയര്‍ന്നനിലയിലുള്ള പ്ലേസ്‌മെന്റാണ് നടന്നത്.

KCN

more recommended stories