യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി; നടപടിയെടുത്തത് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ

 

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആണ് നടപടിയെടുത്തത്. എന്‍ഫോഴ്‌സ് മെന്റ് ആര്‍ടിഒ ആര്‍ രമണനാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായ മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നും അദ്ദേഹം അറിയിച്ചു. കാറിനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയുള്ള സഞ്ജുവിന്റെ യാത്ര വിവാദമായിരുന്നു.

വാഹനങ്ങളിലെ രൂപമാറ്റം ഗതാഗത നിയമ ലംഘനമാണെന്ന് അറിയില്ലെന്നാണ് സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ സഞ്ജു ടെക്കി വിശദീകരണം നല്‍കിയത്. അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടിയിലേക്ക് കടക്കരുതെന്നും വിശദീകരണത്തില്‍ സഞ്ജു ടെക്കി ആവശ്യപ്പെട്ടിരുന്നു. അതേസമയം കാനുള്ളില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് കുളിച്ച് യാത്ര ചെയ്ത വ്‌ലോഗര്‍ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സാമൂഹികസേവനം തുടരുകയാണ്. ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് സാമൂഹിക സേവനം ആരംഭിച്ചത്. 15 ദിവസത്തേക്കാണ് ഇവര്‍ക്ക് ശിക്ഷ നല്‍കിയിരിക്കുന്നത്.

യൂട്യൂബില്‍ നാല് ലക്ഷം ഫോളോവേഴ്‌സുള്ള സഞ്ജു ടെക്കി രണ്ടാഴ്ച മുമ്പാണ് സ്വന്തം വാഹനമായ ടാറ്റാ സഫാരിയില്‍ സ്വിമ്മിംഗ് പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകള്‍ മാറ്റി പകരം പ്ലാസ്റ്റിക് ടര്‍പോളിന്‍ കൊണ്ട് സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി. തുടര്‍ന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ട്യൂബില്‍ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടാര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളില്‍ പടര്‍ന്നു. എന്‍ജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയര്‍ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ വെള്ളം മുഴുവന്‍ റോഡിലേയ്ക്ക് ഒഴുക്കിവിട്ടിരുന്നു. യൂട്യൂബിലെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു

KCN

more recommended stories