ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസ്; സത്യഭാമയ്ക്ക് ജാമ്യം അനുവദിച്ച് കോടതി

 

തിരുവനന്തപുരം: നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ്‌സി/എസ്ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്നും സമാന രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

അധിക്ഷേപ പരാമര്‍ശത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നര്‍ത്തകനും നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എസ്‌സി എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പാണ് സത്യഭാമയ്‌ക്കെതിരെ ചുമത്തിയത്.

ഒരു അഭിമുഖത്തിലാണ് കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാല്‍ പെറ്റ തള്ള പൊറുക്കില്ലെന്നും സത്യഭാമ ആക്ഷേപിച്ചത്. മോഹിനിയാകാന്‍ സൗന്ദര്യം വേണം. കറുത്ത കുട്ടികള്‍ മേക്കപ്പിട്ടാണ് മത്സരങ്ങളില്‍ സമ്മാനം വാങ്ങുന്നത്. കറുത്ത നിറമുള്ളവരെ മോഹിനിയാട്ടം പഠിപ്പിക്കുമെന്നും എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കരുതെന്ന് പറയുമെന്നും സത്യഭാമ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. ചാലക്കുടി ഡിവൈ.എസ്.പിയ്ക്കാണ് ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതി നല്‍കിയത്. തുടര്‍ നടപടിക്കായി പരാതി തിരുവനന്തപുരം പൊലീസിന് കൈമാറുകയായിരുന്നു.

KCN

more recommended stories