by KCN CHANNEL
0 comment

പാലക്കാട് കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിൽ അർധരാത്രി പൊലീസ് പരിശോധന,

മുഴുവൻ മാധ്യമ പ്രവർത്തകരും ലൈവ് ക്യാമറ യൂണിറ്റുകളും ആയി താമസിക്കുന്ന ഹോട്ടലിൽ ആയിരുന്നു വനിതാ ഉദ്യോഗസ്ഥർ പോലും ഇല്ലാതെ സ്ത്രീകളുടെ മുറിയിൽ പരിശോധനയ്ക്ക് പൊലീസ് സംഘം ശ്രമിച്ചത്

പാലക്കാട്: തുടക്കം മുതൽ അസാധാരണ രംഗങ്ങളിലൂടെ ആണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് കടന്നുപോകുന്നത്. അതിൽ ഏറ്റവും സംഘർഷഭരിതമായ രംഗമായിരുന്നു ഇന്നലെ രാത്രി മുഴുവൻ പാലക്കാട്ട് അരങ്ങേറിയത്. അർധരാത്രി ഹോട്ടലിൽ വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച മുറിയിലേക്കു ഇടിച്ചു കയറി പൊലീസ് നടത്തിയ പരിശോധന അസാധാരണവും പലതുകൊണ്ടും അവിശ്വസനീയവും ആയിരുന്നു.

വനിതാ ഉദ്യോഗസ്ഥർ പോലും ഇല്ലാതെ സ്ത്രീകളുടെ മുറിയിൽ പരിശോധനയ്ക്ക് പൊലീസ് സംഘം ശ്രമിച്ചത് മുഴുവൻ മാധ്യമ പ്രവർത്തകരും ലൈവ് ക്യാമറ യൂണിറ്റുകളും ആയി താമസിക്കുന്ന ഹോട്ടലിൽ ആയിരുന്നു എന്നതും ശ്രദ്ധേയം. ആരുടേയും പരാതി പ്രകാരമല്ല പരിശോധന എന്ന് പൊലീസ് പറയുമ്പോഴും നിമിഷങ്ങൾക്കകം സിപിഎം ബിജെപി പ്രവർത്തകർ ഹോട്ടലിന് മുന്നിൽ സംഘടിച്ചു. പാലക്കാട്ടെ പൊലീസിന്റെ പാതിരാ പരിശോധനയ്ക്ക് പിന്നാലെ സംഘർഷം കനത്തത് കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന ആരോപണവുമായി ബിജെപി സിപിഎം പ്രവർത്തകർ തടിച്ചു കൂടിയതോടെയായിരുന്നു. മറുവശത്ത് കോൺഗ്രസുകാരും സംഘടിച്ചതോടെ പലതവണ കയ്യാങ്കളിയിലേക്ക് സംഭവങ്ങൾ എത്തി.

വനിത പൊലീസിന്‍റെ സാന്നിധ്യമില്ലാതെ മുറിക്കുള്ളിലേക്ക് അതിക്രമിച്ച് കയറി പരിശോധന നടത്തുകയായിരുന്നു എന്ന് ബിന്ദു കൃഷ്ണ പാതിരാ പരിശോധനയേക്കുറിച്ച് പ്രതികരിക്കുന്നത്. സ്ത്രീയെന്ന നിലയിൽ അന്തസിനെ ചോദ്യം ചെയ്യുന്ന നടപടിയാണ് പൊലീസിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഷാനിമോള്‍ ഉസ്മാൻ പ്രതികരിച്ചത്.  പരിശോധന സിപിഎം ബിജെപി ഒത്തുകളിയെന്ന് ആരോപിച്ച ഷാഫി പറമ്പിൽ,  ഇന്ന് കോൺഗ്രസ് പ്രതിഷേധദിനം ആചരിക്കുമെന്നും വിശദമാക്കി. അതേസമയം UDF കള്ളപ്പണം ഒഴുക്കുന്നുവെന്നും ഹോട്ടലിലെ സിസിടിവി പരിശോധിക്കണം എന്നും ബിജെപി സ്ഥാനാർഥി സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

You may also like

Leave a Comment