കുമ്പടാജെ: കുമ്പടാജെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, അഗല്‍പാടി ശ്രീ.. അന്നപൂര്‍ണ്ണേശ്വരി വിദ്യാലയത്തിന്റെയും നേത്യത്വത്തില്‍, നടത്തിയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹൈസ്‌കൂളിനെയും, ഹയര്‍ സെക്കണ്ടറി സ്‌കൂളിനെയും പുകയില മുക്ത സ്ഥാപനമായി പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിനു മുന്നോടിയായി ഒരു മാസത്തിനകം സ്‌കൂള്‍ സംരക്ഷണ സമിതി യോഗം ചേര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃ ത്വത്തില്‍ സ്ഥാപനത്തിന്റൈ നൂറ് മീറ്റര്‍ പരിസരത്ത് കടകള്‍ പരിശോധന നടത്തുകയും, പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നില്ല എന്ന് ഉറപ്പു വരുത്തി മഞ്ഞ ലൈന്‍ മാര്‍ക്ക് ചെയ്ത് ബോധവല്‍ക്കരണം നടത്തുകയും ചെയ്തു. കൂടാതെ പുകയില മുക്ത പ്രദേശം, പുകയില മുക്ത വിദ്യാഭ്യാസ സ്ഥാപനം പുകവലി രഹിത സ്ഥലം എന്നിവ അടയാളപ്പെടുത്തിയ 3 വ്യത്യസ്ത ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തതിനു ശേഷമാണ് അദ്ധ്യാപകരുടെയും, വിദ്യാര്‍ത്ഥികളുടെയും സാന്നിദ്ധ്യത്തില്‍ പ്രഖ്യാപനം നടത്തിയത്. പരിപാടിയില്‍ വെച്ച് സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ.ഗിരീഷ്, പ്രിന്‍സിപ്പല്‍. ശ്രീ.സതീഷ് എന്നിവര്‍ക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ആഫീസര്‍ ഡോ. സയ്യിദ് ഹാമിദ്ഷുഹൈബ് സര്‍ട്ടിഫികറ്റുകള്‍ വിതരണം ചെയ്തു. നടത്തിയ പ്രവര്‍ത്തനത്തെക്കുറിച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. സുരേഷ് കുമാര്‍ വിശദീകരിച്ചു.
പരിപാടിയില്‍ പി.ടി.എ പ്രസിഡണ്ട് ശ്രീ. നടരാജ് പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ശ്രീമതി ഉഷ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീ. അബ്ദുല്‍ റഹിമാന്‍, ശ്രീ.ജിജു മാര്‍ക്കോസ്, രേവതി.എസ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരായ നിഷാദ, നിദിഷ, നഴ്‌സ് ശ്രീമതി. അമ്പിളി, അദ്ധ്യാപകര്‍, മദര്‍ പി.ടി.എ പ്രസിഡന്റ്. ശ്രീമതി രുചിര, ആശ വര്‍ക്കര്‍ ശ്രീമതി.ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
അഗല്‍പാടി ഹൈസ്‌കൂളിനെയും, ഹയര്‍ സെക്കണ്ടറി സ്‌കൂളിനെയും പുകയില മുക്ത പ്രദേശമായി പ്രഖ്യാപിച്ചു.




