ഹോട്ടല്‍ ഷാംഗ്രി ലയിലാണ് താരങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കുന്നത്.
റിയാദ്: ലോകത്തെ ഏറ്റവും സമ്പന്ന ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) താരലേലത്തിന് ഇതാദ്യമായി വേദിയൊരുങ്ങുന്നത് സൗദി അറേബ്യയില്‍. ഈ മാസം 24, 25 തീയതികളില്‍ ജിദ്ദയില്‍ നടക്കും. ജിദ്ദ അല്‍ബസാതീനിലെ വിശാലമായ അബാദി അല്‍ ജൗഹര്‍ (ബെഞ്ച്മാര്‍ക്ക്) അറീനയില്‍ നടക്കുന്ന ലേലത്തില്‍ 409 വിദേശകളിക്കാര്‍ ഉള്‍പ്പെടെ 1,574 പേര്‍ രജിസ്റ്റര്‍ ചെയ്തതായി ബി.സി.സി.ഐ അറിയിച്ചു.
താരങ്ങളുടെ താമസകേന്ദ്രം ഒരുക്കുന്നത് ലേല വേദിയില്‍ നിന്നും 10 മിനിറ്റ് യാത്രാദൂരമുള്ള ഹോട്ടല്‍ ഷാംഗ്രി ലയിലാണ്. റിയാദിലായിരിക്കും ഐ.പി.എല്‍ താരലേലമെന്ന് നേരത്തെ വര്‍ത്തയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം ജിദ്ദയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഐ.പി.എല്‍ താരലേലത്തിന് വിദേശ രാജ്യം വേദിയാവുന്നത്. കഴിഞ്ഞ പ്രാവശ്യം ദുബൈയിലാണ് ലേലം നടന്നത്.
ഇത്തവണ ലണ്ടന്‍ നഗരം പരിഗണിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഒഴിവാക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന താരലേലത്തില്‍ 1,165 ഇന്ത്യന്‍ താരങ്ങളും 409 വിദേശ താരങ്ങളുമാണ് പങ്കെടുക്കുക. വിദേശ കളിക്കാരില്‍ ഏറ്റവും പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 91 കളിക്കാരുമായി ദക്ഷിണാഫ്രിക്കയാണ്. ആസ്ട്രേലിയയില്‍നിന്ന് 76, ഇംഗ്ലണ്ടില്‍നിന്ന് 52, ന്യൂസിലന്‍ഡില്‍നിന്ന് 39, വെസ്റ്റ് ഇന്‍ഡീസില്‍നിന്ന് 33, ശ്രീലങ്കയില്‍നിന്ന് 29, അഫ്ഗാനിസ്ഥാനില്‍നിന്ന് 29, ബംഗ്ലാദേശില്‍നിന്ന് 13, നെതര്‍ലാന്‍ഡില്‍നിന്ന് 12, അമേരിക്കയില്‍നിന്ന് 10, കാനഡ, അയര്‍ലന്‍ഡ്, ഇറ്റലി, സ്‌കോട്ട്‌ലാന്‍ഡ്, സിംബാബ്‌വെ, യു.എ.ഇ എന്നിവിടങ്ങളില്‍നിന്ന് 10-ല്‍ താഴെ എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ എണ്ണം.
ഐ.സി.സിയില്‍ പൂര്‍ണ അംഗത്വമുള്ള രാജ്യമാണെങ്കിലും പാകിസ്താനില്‍നിന്നുള്ള താരങ്ങള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാനാവില്ല. നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്ന 320 പേരും അഞ്ച് വര്‍ഷമായി ഒരു അന്താരാഷ്ട്ര മത്സരത്തിലും കളിക്കാത്ത 1,224 താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളില്‍നിന്നുള്ള 30 കളിക്കാരും ലേലത്തിന്റെ ഭാഗമാകുമെന്ന് ബി.സി.സി.ഐ അറിയിച്ചു.
താരങ്ങളായ ഋഷഭ് പന്ത്, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുള്‍പ്പെടെ നിലവില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്ന 48 ഇന്ത്യന്‍ താരങ്ങളാണ് ഇത്തവണ ലേലത്തില്‍ ഇറങ്ങുന്നത്. 10 ടീമുകള്‍ക്കായി 204 പേരെയാണ് ആകെ തെരഞ്ഞെടുക്കാനാവുക. മൊത്തം ടീമുകളിലായി 46 കളിക്കാരെ ലേലത്തിന് മുമ്പ് തന്നെ നിലനിര്‍ത്തിയിരുന്നു. ഓരോ ടീമിനും പരമാവധി 120 കോടി രൂപയാണ് ലേലത്തില്‍ ചെലവഴിക്കാന്‍ അനുവദിച്ച തുക. ഇതില്‍നിന്നും ഓരോ ടീമിലും നിലനിര്‍ത്തിയ കളിക്കാര്‍ക്കായി ചെലവിട്ട തുക കിഴിച്ചുള്ള തുക മാത്രമെ ലേലത്തില്‍ ചെലവഴിക്കാനാകൂ.